യുഎഇയുടെ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന മലയാളി ഓൾറൗണ്ടർ സി.പി റിസ്വാൻ്റെ നേതൃത്വത്തിൽ ദുബായിൽ ക്രിക്കറ്റ് പരിശീലന അക്കാദമി പ്രവർത്തനം ആരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളോടോയാണ് അക്കാദമിയുടെ പ്രവർത്തനം. മികച്ച പരിശീലനത്തിനൊപ്പം മികവുതെളിയിക്കുന്നവർക്ക് അക്കാദമിയുടെ നേതൃത്വത്തിൽ അവസരങ്ങളും ഒരുക്കും.
വൺ ബൈ വൺ കോച്ചിംഗ്, വീഡിയോ അനലൈസിങ്ങ് സിസ്റ്റം, ബൗളിങ്ങ് മെഷീൻ ഉൾപ്പെടെയുളള അത്യാധുനിക സജ്ജീകരണങ്ങളാണ് അക്കാദമിയുടെ പ്രത്യേകത. സ്വദേശത്തും വിദേശത്തുമായി പ്രശസ്തരായവരാണ് പരിശീലനം നൽകുക. എല്ലാ ദിവസവും രാത്രി 12 മണി വരെ പരിശീലനം ഉണ്ടായിരിക്കും.
ക്രിക്കറ്റ് ബാലപാഠങ്ങൾ കൊച്ചു കുട്ടികൾക്ക് പകർന്ന് നൽകുകയും ക്രിക്കറ്റിൽ താത്പര്യമുള്ള കൗമാരതാരങ്ങൾക്കും യുവാക്കൾക്കും ലിംഗഭേദമില്ലാതെ പരിശീലനമൊരുക്കുകയും ചെയ്യും. ആറ് വയസ്സ് മുതൽ പത്തൊൻപത് വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമാണ് പ്രവേശനം. താത്പര്യള്ള യുവതീ – യുവാക്കൾക്കും അവസരമുണ്ട്. മികവ് തെളിയിക്കുന്നവരെ ഉൾപ്പെടുത്തി അമേരിക്ക, ബ്രിട്ടൻ, ആസ്ട്രേലിയ, ഇന്ത്യ, തുടങ്ങി വിവിധ രാജ്യങ്ങളിൽ പരിശീലന പര്യടനം നടത്താനും ഉദ്ദേശിക്കുന്നുണ്ട്.
ശാരീരിക വ്യായാമം കുറഞ്ഞ് കൊണ്ടിരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ കമ്പ്യൂട്ടറിലും മൊബൈൽ ഫോണിലും സോഷ്യൽ മീഡിയയിലും അലിഞ്ഞില്ലാതാവുന്ന ബാല്യ – കൗമാര – യുവജനതയെ “വാച്ചിങ്ങ് ” രീതിയിൽ നിന്നുമാറ്റി “പാർട്ടിസിപ്പൻ്റ് ” ചിന്താ ഗതിയിലേക്ക് കൊണ്ടു വരിക എന്നതും അക്കാഡമിയുടെ പ്രധാന ലക്ഷ്യമാണ് .
അവധി ദിവസങ്ങളിൽ രാവിലെയും,വൈകുന്നേരവും മറ്റുദിവസങ്ങളിൽ വൈകുന്നേരവുമാണ് പരിശീലനമെന്ന് അക്കാദമിയുടെ സിഇഒ സി.പി റിസ്വാൻ, ഷഹീൻ മുഹമ്മദ്,ഷുജൈൻ മജീദ് എന്നിവർ വ്യക്തമാക്കി. 2022ൽ ആസ്ട്രേലിയയിൽ നടന്ന ലോകകപ്പ് ക്രിക്കറ്റ് ടൂർണ്ണമെൻ്റിൽ യുഎഇ ടീമിനെ നയിച്ചത് സി.പി റിസ്വാനായിരുന്നു.