കാട്ടാക്കട ഡിപ്പോയിൽ ജീവനക്കാർ നടത്തിയ ആക്രമണത്തില്‍ പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി എംഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മാനസിക വിഭ്രാന്തിയുള്ളവരാണ് കാട്ടാക്കടയില്‍ ആക്രമണം നടത്തിയവരെന്നും അത്തരക്കാരെ മാനേജ്മെന്റ് സംരക്ഷിക്കില്ലെന്നും എംഡി ബിജു പ്രഭാകര്‍ അറിയിച്ചു. സംഭവത്തിൽ ഉൾപ്പെട്ട ജീവനക്കാരെപ്പോലെ ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്നമെന്നും ഇത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്മെന്റ് വച്ചുപൊറുപ്പിക്കില്ലെന്നും എംഡി പറഞ്ഞു. ഇതുതന്നെയാണ് ഗതാഗതമന്ത്രി ആൻറണി രാജുവിൻ്റെയും സർക്കാരിൻ്റെയും നിലപാട്. ഇങ്ങനെയുള്ള കളകളെ പറിച്ച് കളയാനാണ് സർക്കാരിൻ്റെ നിർദ്ദേശമെന്നും എംഡി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ശരിയായ ദിശയിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായി നടപടിയെടുക്കുമെന്ന് ഉറപ്പു നൽകുന്നതായും ഒറ്റപ്പെട്ട ഈ സംഭവത്തെ തെറ്റായി തന്നെ കണ്ട്, കെഎസ്ആർടിസിക്കും അതിലെ ജീവനക്കാർക്കും നാളിതുവരെ നൽകിവന്നിരുന്ന സ്നേഹവും സഹകരണവും ആത്മാർത്ഥതയും തുടർന്നും ഉണ്ടാകണമെന്ന് സ്നേഹത്തിൻ്റെ ഭാഷയിൽ അഭ്യർത്ഥിക്കുന്നെന്നും കെസ്ആർടിസി എം ഡി ബിജു പ്രഭാകർ കെഎസ്ആർടിസിയുടെ ഫേസ്ബുക്കിൽ കുറിച്ചു.
കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ മകളുടെ മുന്നിൽ വച്ച് പിതാവിന് ക്രൂര മർദനമേറ്റ സംഭവത്തിലാണ് എംഡിയുടെ പ്രസ്താവന.മകളുടെ കൺസഷനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദനത്തിലേക്ക് നയിച്ചത്.ആമച്ചൽ സ്വദേശി പ്രേമനന്ദനും മകൾക്കുമാണ് ജീവനക്കാരുടെ മർദ്ദനമേറ്റത്. അച്ഛനും മകളും ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.സംഭവത്തിൽ ഉത്തരവാദികളായ 4 കെഎസ്ആർടിസി ജീവനക്കാരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തു.വിഷയത്തിൽ ഹൈക്കോടതി സർക്കാരിനോടും കെഎസ്ആർടിസിയോടും റിപ്പോർട്ട് തേടിയിരുന്നു.