കാട്ടാക്കടയിൽ കെഎസ്ആർടിസി ഡിപ്പോയിൽ ആക്രമണം നടത്തിയ ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. ബസ് കൺസെഷൻ പുതുക്കാൻ വന്ന മകളെയും പിതാവിനേയും മർദ്ദിച്ച കാട്ടാക്കട കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് തള്ളിയത്. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരായ മുഹമ്മദ് ഷെരീഫ് (52), മിലൻ ഡോറിച്ച് (45), അനിൽകുമാർ (49) കാട്ടാക്കട കെഎസ്ആര്‍ടിസി ഡിപ്പോയിലെ വർക്ക് ഷോപ്പ് ജീവനകാരനായ സുരേഷ് കുമാർ, അജികുമാർ എന്നിവർക്കാണ് കോടതി ജാമ്യം നിഷേധിച്ചത്.
മകളുടെ മുന്നിൽ വച്ച് പിതാവിനെ മർദ്ദിച്ച സർക്കാർ ഉദ്യോഗസ്ഥരായ പ്രതികൾ മുൻകൂർ ജാമ്യം അർഹിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. വീഡിയോയിലെ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധന നടത്തുന്നതിന് പ്രതികളിൽ നിന്ന് ശബ്ദവും ദൃശ്യങ്ങളും ഉൾപ്പടെയുള്ള സാമ്പിളുകൾ ശേഖരിക്കാൻ പ്രതികളുടെ കസ്റ്റഡി അത്യന്താപേക്ഷിതമാണന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.ആറാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.വിഷ്ണുവാണ് ജാമ്യാപേക്ഷ തള്ളിയത്.