നമസ്കാരം ദൂരദർശൻ വാർത്തകളിലേക്ക് സ്വാഗതം… ഞാൻ ഹേമലത…ഈ ശബ്ദവും മുഖവും മലയാളിക്ക് മറക്കാൻ കഴിയുമോ?. അതൊരു നൊസ്റ്റാൾജിയ ആണ്. വാർത്താ ചാനലുകളുടെ കുത്തൊഴുക്കിൽ ഒരു പാട് അവതാരകർ വന്നുപോയപ്പോഴും ഈ അവതാരക ഇന്നും താരമാണ്. അതുകൊണ്ട് തന്നെയാണ് ഹേമലതയുടെ വിരമിക്കൽ വാർത്ത സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതും.
ജനം ശ്രദ്ധിക്കുന്ന മുഖമാണ് വാർത്താ അവതാരകരുടേത്. എൺപതുകളിലും തൊണ്ണൂറുകളിലും ജനം ഏറെ ശ്രദ്ധയോടെ കേട്ടത് ദൂരദർശന്റെ വാർത്തകളാണ്. അങ്ങനെ ഏറെ ശ്രദ്ധിക്കപ്പെട്ട മുഖമാണ് ഡി.ഹേമലതയുടേത്.
വാർത്തകൾക്ക് മുഖം നൽകിയ മുൻഗാമി
ഇന്നത്തെ പല പ്രമുഖ വാർത്താ അവതാരകരും കണ്ട് പഠിച്ച വാർത്തകൾക്ക് മുഖം നൽകിയ മുൻഗാമിയാണ് ഹേമലത. വാർത്തകൾ അറിയാൻ അത്യാധുനിക സംവിധാനങ്ങൾ ഇല്ലാതിരുന്ന കാലത്ത് ആദ്യമായി അറിഞ്ഞ എത്രയോ വാർത്തകൾക്ക് ഈ ശബ്ദമായിരുന്നു ഹേമലത.
ടിവി എന്ന അത്ഭുതത്തിനു മുന്നിൽ കണ്ണും കാതും കൂർപ്പിച്ചിരുന്ന എത്രയോ തലമുറകൾ. ഹേമലത എന്ന മുഖത്തിനും ശബ്ദത്തിനും വാർത്തകളുടെ നാട്ടിൽ 39 വയസ്സായി. ഈ 39 വർഷത്തെ സേവനത്തിന് ശേഷമാണ് ഹേമലത ദൂരദർശന്റെ പടിയിറങ്ങുന്നത്.
അലറിവിളിക്കുന്ന വാർത്താമുറികളിൽ നിന്ന് ഇന്നും വ്യത്യസ്തമാണ് ദൂരദർശൻ. ഇങ്ങനെയും ഒരു വാർത്ത അവതാരക ഉണ്ട് എന്നത് മാധ്യമ പ്രവർത്തകർക്ക് ഒരു പാഠപുസ്തകം ആവേണ്ടതാണെന്നാണ് പലരും സാമൂഹിക മാധ്യമങ്ങളിൽ കമന്റായി രേഖപ്പെടുത്തത്. ഗൗരവമേറിയതും അല്ലാത്തതുമായ വാർത്തകൾക്ക് ഒരേ താളം. അതി വൈകാരികത ഇല്ല, ആക്രോശങ്ങൾ ഇല്ല, ആജ്ഞകൾ ഇല്ല, കഥാപ്രസംഗം ഇല്ല. ഇങ്ങനെയും വാർത്ത വായിക്കാം എന്നല്ല, ഇങ്ങനെ ആണ് വാർത്ത വായിക്കേണ്ടതെന്നാണ് ഹേമലതയെചൂണ്ടിക്കാട്ടി സാമൂഹിക മാധ്യമങ്ങളിൽ പലരും പറഞ്ഞു വെയ്ക്കുന്നത്.
അസി. ന്യൂസ് എഡിറ്റർ പാനലിലാണ് ഒടുവിൽ പ്രവർത്തിച്ചിത്. 1985ൽ ദൂരദർശൻ മലയാളം തുടങ്ങിയപ്പോൾ രണ്ടാമത് ലൈവ് വാർത്തയാണ് ഹേമലത വായിച്ചത്. ആദ്യ വാർത്ത വായിച്ചത് അവരുടെ ഭർത്താവ് കണ്ണനാണ്. ജി.ആർ. കണ്ണൻ പ്രോഗ്രാം എക്സിക്യുട്ടിവായാണ് ദൂരദർശനിൽ നിന്നു വിരമിച്ചത്. 1984 ഒക്ടോബറിലാണ് ഡി.ഡി മലയാളത്തിന്റെ ആദ്യ ബാച്ചിനെ തെരഞ്ഞെടുക്കുന്നത്. മായ, അളകനന്ദ, ശ്രീകണ്ഠൻനായർ, അലക്സാണ്ടർ മാത്യു തുടങ്ങിയവരെല്ലാം പിന്നീട് സ്വകാര്യ ചാനലുകളിലേക്ക് പോയിട്ടും ഹേമലത ദൂരദർശനിൽ തുടർന്നു. ഡിസംബർ 31ന് വൈകുന്നേരം ഏഴ് മണിക്കുള്ള അവസാന ബുള്ളറ്റിൻ വായിച്ചായിരുന്നു മടക്കം. അസി. ന്യൂസ് എഡിറ്റർ പാനലിലാണ് ഹേമലത ഒടുവിൽ പ്രവർത്തിച്ചിരുന്നത്. വാർത്താ വായനയിലൂടെ ദൂരദർശൻ ജീവിതം ആരംഭിച്ചതിനാലാണ് പ്രിയ പ്രേക്ഷകരോട് യാത്ര പറയാൻ അവസാന പ്രവൃത്തിദിനത്തിൽ ന്യൂസ് റീഡറായി എത്തിയത്.
ടെൻഷൻ ഇല്ലാത്ത അവതരണം
ഒരു ടെൻഷനുമില്ലാതെയാണ് ദൂരദർശൻ മലയാളത്തിന്റെ ആദ്യ ലൈവ് വാർത്ത വായിച്ചതെന്ന് പല അവസരത്തിലും ഹേമലത പറഞ്ഞിട്ടുണ്ട്. ദൂരദർശൻ കാലത്തെക്കുറിച്ച് ഹേമലത പറയുന്നത് ഇങ്ങനെ: “വളരെ സന്തോഷത്തോടെ, അഭിമാനത്തോടെയാണ് ഈ പടിയിറക്കം. ലൈവ് ബുള്ളറ്റിനുകളുടെ പൊടിപൂരമായിരുന്നു. എല്ലാം ലൈവ് മാത്രം. എത്രയോ വാർത്തകൾ വായിച്ചു. എത്രയോ അനുഭവങ്ങൾ. ബർലിൻ മതിൽ പൊളിച്ച വാർത്ത, വർഷങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം ദക്ഷിണാഫ്രിക്കൻ നേതാവ് നെൽസൺ മണ്ഡേലയുടെ മോചനം. ഇതെല്ലാം ഡിഡിയിലൂടെ മലയാളികളെ അറിയിച്ചു. കല്ലും മുള്ളുമില്ലാത്ത യാത്രയായിരുന്നില്ല. പക്ഷെ അതെല്ലാം തരണം ചെയ്ത് മുന്നോട്ട് തന്നെ പോയി. പക്ഷെ എത്രയോ നല്ല ഓർമ്മകളും ഒപ്പമുണ്ട്. അസി.ന്യൂസ് എഡിറ്റർ ആയപ്പോൾ വാർത്തകളുടെ എണ്ണം കുറച്ചു. ഞാൻ ചെയ്ത പല അഭിമുഖങ്ങളും ഇന്നും സോഷ്യൽ മീഡിയകളിലുണ്ട്. അതിലെല്ലാം ഇപ്പോഴും ആളുകൾ കമന്റ് ചെയ്യുന്നു. അവരെല്ലാം ഇപ്പോഴും ഓർമ്മിക്കുന്നു. നിറഞ്ഞ സന്തോഷമുണ്ട് “.
നന്ദി ഹേമലത, വാർത്തകൾ പറഞ്ഞുതന്ന മൂന്ന് പതിറ്റാണ്ടുകൾക്ക്. വാർത്തയ്ക്ക് അക്ഷരസ്ഫുടത നൽകിയ വിവരണത്തിന്!