ദുബായിലെ പൊതുഗതാഗത സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ് ദുബായ് റോഡ് ഗതാഗത വകുപ്പ്. ഇതിൻ്റെ ഭാഗമായി വിവിധ വലുപ്പത്തിലുള്ള 636 പുതിയ ബസുകൾ കൂടി വാങ്ങുന്നതിന് കരാറായി.വൈഫൈ സേവനങ്ങൾ, മൊബൈൽ ഫോൺ റീചാർജിങ് പോയൻറുകൾ, യാത്ര സുഖകരമാക്കുന്ന രീതിയിലുള്ള സീറ്റ് സൗകര്യങ്ങൾ എന്നിങനെ ആധുനിക സവിശേഷതകളോടു കൂടിയതാണ് പുതിയ ബസ്സുകൾ.
കുറഞ്ഞ തോതിൽ കാർബൺ പുറന്തള്ളുന്ന യൂറോ 6 പ്രത്യേതകയുമുണ്ട്. ഇതിൽ 450 സിറ്റി ബസുകൾ, 146 ഡബിൾ ഡക്കർ ബസുകൾ, 40 ഇലക്ട്രിക് ബസുകൾ എന്നിവയുമുണ്ടാകും. നിശ്ചയ ദാർഢ്യമുളളവർക്കും ഉപയോഗിക്കാൻ കഴിയും വിധം ലോ ഫ്ലോർ ബസുകളാണ് നിരത്തിലിറക്കുക. ഈ വർഷം അവസനത്തോടെയോ അടുത്ത വർഷത്തിൻ്റെ തുടക്കത്തിലോ ബസുകൾ നിരത്തിൽ ഓടിത്തുടങ്ങും.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക നഗരമായി ദുബായെ മാറ്റുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ഡി-33 അജണ്ടയെ പിന്തുണക്കുന്നതാണ് തീരുമാനമെന്ന് ആർ.ടി.എ ബോർഡ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മതാർ അൽ തായർ പറഞ്ഞു. കൂടാതെ പൊതു ഗതാഗത സംവിധാനങ്ങളുടെ ഉപയോഗം 2030ഓടെ 25 ശതമാനം വർധിപ്പിക്കുന്നതും മുന്നിൽകണ്ടാണ് നീക്കം.