എമിറേറ്റിലെ വെള്ളപ്പൊക്കത്തെ തുടർന്ന് പ്രതിസന്ധിയിലായ ജനതയ്ക്ക് കൈത്താങ്ങായി നിരവധി സംരംഭങ്ങൾക്കും നടപടികൾക്കും അംഗീകാരം നൽകി ദുബായ് കിരീടാവകാശി. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും ദുബായ് പിന്തുണ നൽകുമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. ഗ്രൗണ്ട് ടീമുകൾ എല്ലാ പൗരന്മാർക്കും താമസക്കാർക്കും ഫലപ്രദമായ പിന്തുണ നൽകുമെന്നും ഈ നടപടികളുടെ പുരോഗതി താൻ വ്യക്തിപരമായി നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന എമിറാത്തി പൗരന്മാരുടെ എല്ലാ പരാതികളും ആവശ്യങ്ങളും അവലോകനം ചെയ്യാൻ ഒരു കമ്മിറ്റി രൂപീകരിക്കാൻ ദുബായ് കിരീടാവകാശി നിർദ്ദേശിച്ചു. പൗരന്മാരുടെ വീടുകളുടെ അറ്റകുറ്റപ്പണികൾക്കും പുനരധിവാസത്തിനും മുൻഗണന നൽകി പരാതികൾ പരിഹരിക്കുന്നതിനുള്ള ഏറ്റവും ഉചിതമായ നടപടികൾ സമിതി നിർണ്ണയിക്കും.
ഡെവലപ്പർമാർ നിയന്ത്രിക്കുന്ന എല്ലാ കമ്മ്യൂണിറ്റികളിലും സാധാരണ നില പുനഃസ്ഥാപിക്കുന്നതിന് പ്രോപ്പർട്ടി ഡെവലപ്പർമാരുമായി തുടർ നടപടികൾ ഏകോപിപ്പിക്കാൻ ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെൻ്റിനോടും റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി ഏജൻസിയോടും (RERA) ഷെയ്ഖ് ഹംദാൻ നിർദ്ദേശിച്ചു.എല്ലാ റസിഡൻഷ്യൽ മാനേജ്‌മെൻ്റ് കമ്പനികളും റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരും അധിക നിരക്കുകളില്ലാതെ വെള്ളപൊക്കം മൂലം താമസയോഗ്യമല്ലാതായ ഭവനങ്ങൾക്ക് ബദൽ ഭവനം, പ്രളയ സമൂഹങ്ങൾക്കുള്ളിൽ ഭക്ഷണ വിതരണം, സമഗ്ര കീട നിയന്ത്രണ സേവനങ്ങൾ, ഇൻ്റീരിയർ ക്ലീനിംഗ് സേവനങ്ങൾ തുടങ്ങിയ സേവനങ്ങളും നൽകും.