യുഎഇയിലെ ഷാർജയിൽ നിന്ന് ഒമാന്റെ തലസ്ഥാന നഗരമായ മസ്‌കറ്റിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ഷാർജ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയും ഒമാന്റെ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്തും കരാറിൽ ഒപ്പുവച്ചു.
ഷാർജയിലെ ജുബൈൽ ബസ് സ്റ്റേഷനിൽ നിന്ന് മസ്‌കറ്റിലെ അൽ അസൈബ സ്റ്റേഷനിലേക്ക് പ്രതിദിന സർവിസ് ആരംഭിക്കാനാണ് ഷാർജ ആർ.ടി.എയും മുവാസലാത്തും കരാറിൽ എത്തിയത്. എസ്.ആർ.ടി.എ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുവാസലാത്ത് സി.ഇ.ഒ ബദർ ബിൻ മുഹമ്മദ് അൽ നദാബിയും എസ്.ആർ.ടി.എ ചെയർമാൻ എഞ്ചിനീയർ യൂസഫ് ബിൻ ഖമീസ് അൽ അത്മാനിയുമാണ് കരാറിൽ ഒപ്പുവെച്ചത്.
അതേസമയം ഇരു രാജ്യങ്ങൾക്കുമിടയിലെ ബസ് ഗതാഗത ശൃംഖല സജീവമാക്കാനും ടൂറിസം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടാണ് പുതിയ ബസ് സർവീസ് ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി അതിർത്തിയിലെ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ പ്രത്യേക സംവിധാനമൊരുക്കും. സർവീസ് സമയം, ടിക്കറ്റ് നിരക്ക് എന്നിവ പിന്നീട് പ്രഖ്യാപിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.