ഒറ്റയും ചക്കരയും.. കേരളത്തിലെ നാടൻ പന്തുകളിയിലെ നാട്ടുപ്രയോഗങ്ങൾ. പതിവുപോലെ ഇക്കുറിയും യുഎഇലെ ഷാർജ എമിറേറ്റിൽ നാടൻ പന്തുകളിയുടെ ആവേശം എത്തിച്ചിരിക്കുകയാണ് കേരള നേറ്റീവ് ബോൾ അസോസിഷൻ. യുഎഇയിലെ ഏഴ് എമിറേറ്റുകളിലേയും നാടൻ പന്തുകളി ടീമിനെ ഉൾപ്പെടുത്തി ജനവരി 7 മുതൽ ആരംഭിച്ച ടൂർണമെൻ്റാണ് ഫൈനലിനോട് അടുക്കുന്നത്.
കേരളത്തിലെ മൈതാനങ്ങളിൽനിന്ന് അപ്രത്യക്ഷമാകുന്ന നാടൻ പന്തുകളിയെ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവാസികളായ ഒരുപറ്റം നാടൻ പന്തുകളി പ്രേമികൾ ചേർന്നാരംഭിച്ച പ്രയത്നമാണിത്. 2013 മുതലാണ് മത്സരങ്ങൾ ആരംഭിച്ചത്. 2021 ആയപ്പോഴേക്കും യുഎഇയിൽ കേരള നേറ്റീവ് ബോൾ അസോസിയേഷന് രൂപം നൽകുകയും വലിയ ടൂർണമെൻ്റുകൾ സംഘടിപ്പിക്കുകയുമായിരുന്നു.
2022ൽ ഒമാനിലെ സംഘടനയേയും ഉൾപ്പെടുത്തി നാടൻ പന്തുകളിയിലെ അന്താരാഷ്ട്ര ടൂർണമെൻ്റും സംഘടിപ്പിച്ചു. 2023ൽ അഞ്ച് ജിസിസി രാജ്യങ്ങളിൽനിന്നുളള ടീമുകൾ ടൂർണമെൻ്റിൻ്റെ ഭാഗമായി. നാടൻ പന്തുകളിലെ ആദ്യ അന്താരാഷ്ട്ര ടൂർണമെൻ്റ് സംഘടിപ്പിക്കുന്ന സംഘം എന്ന റെക്കോർഡും ഇതിനിടെ കേരള നേറ്റീവ് ബോൾ അസോസിയേഷൻ സ്വന്തമാക്കി.
പത്തൊൻപതാം നൂറ്റാണ്ടുമുതൽ കേരളത്തിൽ പ്രത്യേകിച്ച മധ്യതിരുവിതാംകൂർ ഭാഗങ്ങളിൽ നിലനിന്നിരുന്ന പ്രധാന കായിക വിനോദങ്ങളിലൊന്നായിരുന്നു നാടൻ പന്തുകളി. എന്നാൽ ക്രിക്കറ്റിൻ്റേയും ഫുട്ബോളിൻ്റേയും മറ്റും തരംഗമെത്തിയതോടെ നാടൻ പന്തുകളി ചില ഇടങ്ങളിൽ മാത്രമായി ഒതുങ്ങി. ഒരുപക്ഷേ പഴയ തലമുറയിൽ നിന്ന് കൈമാറി വന്ന കായികവിനോദത്തെ ഇന്നും ആവേശത്തോടെ കൊണ്ടുനടക്കുന്നത് കോട്ടയം ജില്ലക്കാർ മാത്രമാണ്.
ഏഴ് പേർവീതമുളള രണ്ട് ടീമുകൾ തമ്മിലാണ് മത്സരം. ഒറ്റ , പെട്ട, പിടിയൻ, താളം, കീഴ്, ഇണ്ടൻ തുടങ്ങി വാശിയേറിയ ആറ് കടമ്പകളാണ് മത്സരത്തിനുളളത്. പന്തു കൈമാറ്റത്തിനിടെ എതിരാളിയുടെ അവസരം നഷ്ടപ്പെടുത്തുകയും സ്വന്തം ടീമിന് അവസരമൊരുക്കുകയുമാണ് ഒരോ കളിക്കാരൻ്റേയും ചുമതല. ഓരോ കളിക്കാരനും നിശ്ചിത സ്ഥാനങ്ങളിലായിരിക്കും നിലയുറപ്പിക്കുക. 18 പോയിൻ്റുകൾ വീതം നേടുന്ന അഞ്ച് റൌണ്ടുകളാണ് ഒരു മത്സരത്തിനുളളത്. കൂടുതൽ റൌണ്ടുകൾ വിജയം നേടുന്നവരായിരിക്കും മത്സരം വിജയിക്കുക.
തോൽപന്ത് ഉപയോഗിച്ചാണ് മത്സരം. എന്തായാലും ഷാർജയിലെ നാടൻപന്തുകളി കാണാൻ ഏറെ ആരാധകരാണ് എത്തുന്നത്. പ്രവാസി സംഘടനകളുടേയും കായിക പ്രേമികളുടേയും പിന്തുണയോടെയാണ് മത്സരം. അധികൃതരുടെ പിന്തുണയും ലഭ്യമാണെന്ന് കേരള നേറ്റീവ് ബോൾ അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. മാർച്ച് മൂന്നിനാണ് കെഎൻബിഎ യുഎഇ കപ്പ് സീസൺ-2024 ഫൈനൽ പോരാട്ടം.
Thank you asialiveonline…..from KNBA UAE.