അധ്യാപക പരിശീലനത്തിന് കൈകോർക്കാനൊരുങ്ങി കുവൈറ്റും സൗദി അറേബ്യയും. അധ്യാപകരുടെ മികവ് വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് കുവൈത്തും സൗദി അറേബ്യയും കൈകോർക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സബാഹ് അൽ അഹമ്മദ് സെന്റർ ഫോർ ഗിഫ്റ്റ്നെസ് ആൻഡ് ക്രിയേറ്റിവിറ്റിയും സൗദിയുടെ എ.എ.എൻ.എ.ബി ഫോറവും കുവൈത്തിലെ അധ്യാപകർക്കായി പ്രഫഷനൽ ഡെവലപ്മെന്റ് പ്രോഗ്രാം ആരംഭിക്കുന്നതിനുള്ള കരാറിൽ ഇരു രാജ്യവും ഒപ്പുവെച്ചു.
ഹാർവാർഡ് യൂണിവേഴ്സിറ്റിയുടെ ഗ്രാജുവേറ്റ് സ്കൂൾ ഓഫ് എജുക്കേഷനുമായി സഹകരിച്ചാണ് അധ്യാപക പരിശീലനത്തിനുള്ള പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ പരിപാടിയിൽ അറബിക് പരിശീലന കോഴ്സുകൾ നൽകുമെന്നും സെന്റർ ഡയറക്ടർ ജനറൽ നെദ അൽ ദിഹാനി അറിയിച്ചു. അതേസമയം ഹാർവാർഡിന്റെ പ്രഫഷണൽ വിദ്യാഭ്യാസ വകുപ്പ് ലോകമെമ്പാടുമുള്ള 16,000 വിദ്യാഭ്യാസ വിദഗ്ധരെ സേവിക്കുന്നുണ്ട്.
കുവൈറ്റിലെ അധ്യാപകരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള മികച്ച അവസരമാണ് എ.എ.എൻ.എ.ബിമായുള്ള സഹകരണമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. അതേസമയം മികച്ചതും ആധുനിക രീതിയിലുള്ളതും നിലവാരമുള്ളതുമായ പരിശീലനമായിരിക്കും അധ്യാപകർക്ക് നൽകുക. ഇത് വിദ്യാർഥികളിലും നല്ല സ്വാധീനം ചെലുത്തുമെന്ന് അൽ ദിഹാനി പറഞ്ഞു. ‘ഫ്ലക്സിബിൾ തോട്ട്’, ‘ലെവൽ ഓഫ് എയ്ഡ്’ എന്നിങ്ങനെ കരാറിൽ രണ്ട് പരിപാടികൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് എ.എ.എൻ.എ.ബി സി.ഇ.ഒ ഡോ. മുനീറ ജംജൂം പറഞ്ഞു. 100 അധ്യാപകരെ പരിശീലിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. അധ്യാപകർക്ക് പ്രോഗ്രാമുകളിൽ ചേരുന്നതിനുള്ള മാർഗ നിർദേശങ്ങൾ പിന്നീട് അറിയിക്കുമെന്നും ഡോ. മുനീറ അറിയിച്ചു. പ്രോഗ്രാമുകൾക്കുശേഷം കോഴ്സുകളുടെ ഫലവും അധ്യാപകരുടെ കഴിവുകളിൽ അവ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും പഠിക്കുമെന്നും ഡോ. മുനീറ കൂട്ടിച്ചേർത്തു.