ജനങ്ങളെ ആകർഷിക്കുന്ന നഗരങ്ങളെ വിലയിരുത്തുന്ന ഗ്ലോബൽ പവർ സിറ്റി ഇൻഡക്സിൽ മിഡിൽഈസ്റ്റിൽ ഒന്നാം സ്ഥാനത്തെത്തി ദുബായ്. പട്ടികയിൽ ഇടം നേടിയ ഏക ഗൾഫ് നഗരമാണ് ദുബായ്. ഇൻഡക്സിൽ ആഗോളതലത്തിൽ എട്ടാം സ്ഥാനത്താണ് ദുബായിയുടെ സ്ഥാനം. ലണ്ടൻ, ന്യൂയോർക്ക്, ടോക്കിയോ എന്നിവയാണ് പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനത്തുള്ളത്. ദുബായിയുടെ നേട്ടങ്ങളെ കിരീടാവകാശി ഷെയ്ഖ് ഹംദാൻ അഭിനന്ദിച്ചു.
ജപ്പാനിലെ നഗരാസൂത്രണ പഠന സ്ഥാപനമായ മോറി ഫൗണ്ടേഷൻ ജനങ്ങളെയും, നിക്ഷേപങ്ങളെയും, സംരംഭങ്ങളെയും ആകർഷിക്കാനുള്ള നഗരങ്ങളുടെ കരുത്ത് വിലയിരുത്തി ആഗോളതലത്തിൽ തയ്യാറാക്കുന്ന പട്ടികയാണ് ഗ്ലോബൽ പവർ സിറ്റി ഇൻഡക്സ്. കഴിഞ്ഞവർഷം 11-ാം സ്ഥാനത്തായിരുന്ന ദുബായ് ആണ് ഇത്തവണ ആഗോളതലത്തിൽ എട്ടാമതെത്തിയത്. സൂചികയുടെ ആദ്യപത്തിൽ ഇടം നേടിയ ഏക മിഡിൽഈസ്റ്റ് നഗരവും ദുബായിയാണ്. 48 രാജ്യങ്ങളുടെ പട്ടികയിൽ മിഡിൽഈസ്റ്റിൽ നിന്ന് കെയ്റോ, തെൽഅവീവും ലിസ്റ്റിൽ ഇടം നേടി.
പട്ടികയിലെ ഉപവിഭാഗങ്ങളായ കോർപ്പറേറ്റ് ടാക്സ്, തൊഴിൽമാറ്റസാധ്യത, കുറഞ്ഞ തൊഴിലില്ലായ്മ, നഗരത്തിൻ്റെ ശുചിത്വം എന്നിവയിലും ദുബായ് ഒന്നാം സ്ഥാനത്താണ്. ആഢംബര ഹോട്ടലുകളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തും അന്താരാഷ്ട്ര ചരക്കുഗതാഗതത്തിൽ നാലാം സ്ഥാനത്തുള്ള ദുബായ് നേരിട്ടുള്ള അന്താരാഷ്ട്ര വിമാന സർവീസ്, സംസ്കാരിക പരിപാടികൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ എന്നിവയുടെ കാര്യത്തിൽ അഞ്ചാം സ്ഥാനത്താണ്.