ദുബായ് അൽ ഖുസൈസിലേയ്ക്കും ജബൽ അലിയിലേയ്ക്കും രണ്ട് പുതിയ പാലങ്ങൾ തുറന്നു. റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർടിഎ) നേതൃത്വത്തിലാണ് ദുബായിൽ പുതിയ പാലങ്ങൾ തുറന്നത്. ഗാർൺ അൽ സബ്ഖ-ഷൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇൻ്റർസെക്ഷൻ മെച്ചപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായാണിത്.
പുതിയ പാലങ്ങൾ തുറന്നതോടെ ഇതുവഴിയുള്ള യാത്രാദൂരം 70 ശതമാനം വരെ കുറയുമെന്നാണ് പ്രതീക്ഷയെന്ന് ആർടിഎയിലെ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ചെയർമാനുമായ മാത്തർ അൽ തായർ പറഞ്ഞു.
601 മീറ്റർ നീളമുള്ള ആദ്യത്തെ പാലത്തിൽ രണ്ട് പാതകളും മണിക്കൂറിൽ 3,200 വാഹനങ്ങൾ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ്. ഇത് ഗാർൺ അൽ സബ്ഖാ സ്ട്രീറ്റിൽ നിന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്ക് കിഴക്കോട്ടുള്ള യാത്രയാണ് സുഗമമാക്കുന്നത്. തുടർന്ന് അൽ ഖുസൈസിലേക്കും ദെയ്‌റയിലേക്കും ഗതാഗതം തുടരുന്നുണ്ട്. ഈ പാലം യാത്രാ സമയം 40 ശതമാനം കുറയ്ക്കും മാത്രമല്ല, പീക്ക്-അവർ യാത്ര 20 മിനിറ്റിൽ നിന്ന് 12 മിനിറ്റായും കുറയ്ക്കും.
664 മീറ്റർ നീളവും രണ്ട് പാതകളുമുള്ള രണ്ടാമത്തെ പാലത്തിന് മണിക്കൂറിൽ 3,200 വാഹന ശേഷിയുണ്ട്. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് തെക്കോട്ട് അൽ യലായിസ് സ്ട്രീറ്റിലേക്കും ജബൽ അലി തുറമുഖത്തേക്കും വരുന്ന വാഹനങ്ങളുടെ സഞ്ചാരം വേർതിരിച്ച് ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ഈ പാലം സഹായിക്കുന്നു. അതോടൊപ്പം യാത്രാ സമയം 70 ശതമാനം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പീക്ക്-അവർ യാത്രാ സമയം 21 മിനിറ്റിന് പകരം 7 മിനിറ്റായും കുറയ്ക്കും.