യുഎഇയിൽനിന്ന് ഒമാനിലേക്കുള്ള ഹഫീത് റെയിൽ പാതയുടെ നിർമ്മാണം ആരംഭിക്കുന്നു. 3 ബില്യൺ യുഎസ് ഡോളർ ചെലവിലാണ് പാത നിർമ്മിക്കുന്നത്. നീണ്ട കാലത്തെ ചർച്ചകൾക്കും ആസൂത്രണങ്ങൾക്കും ഒടുവിലാണ് പാതയുടെ നിർമ്മാണത്തിലേക്ക് കടക്കുന്നത്.
ഒമാൻ സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിക്കിൻ്റെ യുഎഇ സന്ദർശനത്തിനിടെ നിർമ്മാണ കരാർ ഒപ്പിട്ടിരുന്നു. നേരത്തെ ഒമാൻ റെയിലിൻ്റേയും ഇത്തിഹാദ് റെയിലിൻ്റേയും ഭാഗമായിരുന്ന പദ്ധതി ഹഫീത് റെയിൽ എന്ന പേരിലാണ് നടപ്പിലാകുന്നത്.
പാത സഞ്ചാരയോഗ്യമാകുന്നതോടെ ഇരു രാജ്യങ്ങളിലേയും പ്രാദേശിക വിപണികളിലേക്കുള്ള ഗേറ്റ്‌വേയായിമാറും. ഇരു രാജ്യങ്ങളിലെയും വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും റെയിൽ ശൃംഖല വഴിയൊരുക്കും.
ഇരു രാജ്യങ്ങളിലേയും വാണിജ്യ തുറമുഖങ്ങളെ റെയിൽവേയുമായി ബന്ധിപ്പിക്കും. ഒരു ചരക്ക് തീവണ്ടിയിൽ 15,000 ടണ്ണിലധികം ചരക്ക് , അല്ലെങ്കിൽ ഏകദേശം 270 സ്റ്റാൻഡേർഡ് കണ്ടെയ്‌നറുകൾ കൊണ്ടുപോകാൻ കഴിയും.
ഇരുരാജ്യങ്ങളിലേയും പ്രധാനനഗരങ്ങളെ ബന്ധിപ്പിച്ചാകും പാസഞ്ചർ സ്റ്റേഷനുകൾ നിർമ്മിക്കുക.ടൂറിസം മേഖലയ്ക്കും പദ്ധതി മുതൽക്കൂട്ടാകും. സോഹാറിനും അബുദാബിക്കും ഇടയിലുള്ള ദൂരം 100 മിനിറ്റിലും സോഹാറിനും അൽ ഐനിനുമിടയിലുള്ള ദൂരം 47 മിനിറ്റിനുള്ളിൽ മറികടക്കാൻ കഴിയും. ഒരു ട്രെയിനിൽ 400 പേർക്ക് യാത്ര ചെയ്യാം.