ദുബായ് എമിറേറ്റിസിലെ പ്രധാന മൂന്ന് താമസ കേന്ദ്രങ്ങളിലേക്കുള്ള ആഭ്യന്തര റോഡുകളുടെ നിർമാണം പൂര്‍ത്തിയായെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. അൽഖൂസ്–2, നാദ് അൽ ഷിബ–2, അൽബർഷ സൗത്ത് –3 എന്നീ താമസ കേന്ദ്രങ്ങളിലേക്കുള്ള 37 കി.മീ റോഡുകളുടെ നിർമാണമാണ് പൂർത്തിയായത്.
ഇതോടെ ഈ മേഖലകളിലുള്ളവരുടെ യാത്രാസൗകര്യം മെച്ചപ്പെട്ടു. അല്‍ഖൂസ് രണ്ടില്‍ അള്‍ഖൈസ് ലേക്ക് പാര്‍ക്ക് , മാര്‍ക്കറ്റ് കോംപ്ളക്സ് എന്നിവിടങ്ങിളിലേക്ക് എത്തിച്ചേരാവുന്ന പാതകളാണ് നിര്‍മ്മിച്ചത്. മൈതാന്‍ റോഡിനും അല്‍ഖൈല്‍ റോഡിനുമിടയിലെ താമസമേഖലയിലൂടെ മണിക്കൂറില്‍ 1250 വാഹനങ്ങൾക്ക് സഞ്ചരിക്കാനാകും. 16 കിലോമീറ്ററാണ് ഇവിടെ പൂര്‍ത്തീകരിച്ചത്.
അല്‍ബര്‍ഷ സൗത്ത് ത്രീയില്‍ ആറര കിലോമീറ്ററാണ് പുതിയതായി നിര്‍മ്മിച്ചത്. അല്‍ബര്‍ഷ മുഹമ്മദ് ബിന്‍ റാഷിദ് ഗാര്‍ഡന്‍സ്, സ്‌പോര്‍ട്‌സ് സിറ്റി, മോട്ടോര്‍ സിറ്റി ഭാഗത്തേക്കാണ് പുതിയ പാത. നാദ് അല്‍ ഷിബ- 2ല്‍ 12 കിലോമീറ്റര്‍ പാതയും പൂര്‍ത്തിയായി. ദുബൈ അല്‍ഐന്‍ റോഡ്, അല്‍ മനാമ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കാണ് പാത. പുതിയ പാതകൾക്ക് പുറമെ അനുബന്ധ റോഡുകളുടെ നവീകരണവും പൂര്‍ത്തിയാക്കിയെന്ന് ഗതാഗത വിഭാഗം വ്യക്തമാക്കി.