ദുബായിലെ ജലാശയങ്ങളെ മാലിന്യമുക്തമാക്കുന്നതിന് പുതിയ സംവിധാനവുമായി മുനിസിപ്പാലിറ്റി. ജലാശയങ്ങളിലെ മാലിന്യം നീക്കുന്നതിനായി സ്മാർട്ട് ഉപകരണമായ മറൈൻ സ്ക്രാപ്പറാണ് അവതരിപ്പിച്ചിരിക്കുന്നത്. ദുബായ് ക്രീക്കിലും കനാലിലും പെങ്ങിക്കിടക്കുന്ന മാലിന്യങ്ങൾ ശേഖരിക്കുന്നതിനായി പ്രത്യേകം രൂപകല്പന ചെയ്തതാണ് ഈ സ്മാർട്ട് സ്ക്രാപ്പർ.
എത്ര അകലെയാണെങ്കിലും റിമോട്ട് ഉപയോഗിച്ച് പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സാധിക്കുന്ന വിധത്തിലാണ് മറൈൻ സ്ക്രാപ്പർ നിർമ്മിച്ചിരിക്കുന്നത്. ഏകദേശം ഒരു ടൺ മാലിന്യം വരെ ശേഖരിക്കാൻ ഈ സ്ക്രാപ്പറിന് സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. യുഎഇ സ്വദേശികളായ അൽ ഖത്താൽ ബോട്ട് ഫാക്ടറിയുമായി കൈകോർത്താണ് മുനിസിപ്പാലിറ്റി ഈ ഉപകരണം വികസിപ്പിച്ചെടുത്തത്.
ഫൈവ് ജി നെറ്റ്വർക്ക് ഉപയോഗിച്ച് റിമോട്ടിൽ സ്ക്രാപ്പറിന്റെ സഞ്ചാരഗതി നിയന്ത്രിക്കാനും മാലിന്യങ്ങൾ ശേഖരിക്കാനും ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഇതിനെ നിരീക്ഷിക്കാനും സാധിക്കും. കൂടാതെ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്ന സ്ഥലങ്ങൾ കണ്ടെത്തി അതിനനുസരിച്ച് പ്രവർത്തിക്കാനുള്ള മറൈൻ സർവേ സംവിധാനവും ഈ സ്ക്രാപ്പറിൽ സജ്ജമാക്കിയിട്ടുണ്ട്. ബോട്ടുകളിലും ജലാശയങ്ങളിലെ മറ്റ് ഉപകരണങ്ങളിലും കൂട്ടിയിടിക്കാതെ സഞ്ചരിക്കാനുള്ള കഴിവും ഈ സ്ക്രാപ്പറിനുണ്ട്.