കെഎസ്ആർടിസി ജീവനക്കാര്‍ക്ക് പുതിയ മാർഗ നിർദേശങ്ങളുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ തുറന്ന കത്ത്. യാത്രക്കാരോട് പാലിക്കേണ്ട ചില നിര്‍ദേശങ്ങള്‍ അടങ്ങുന്നതാണ് കത്ത്. ഒരാള്‍ കൈ കാണിച്ചാലും ബസ് നിര്‍ത്തണമെന്നും രാത്രി പത്തിന് ശേഷം സൂപ്പര്‍ഫാസ്റ്റ് ബസുകളും അതിന് താഴെയുള്ളവയും യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് നിര്‍ത്തണമെന്നും കത്തിൽ പറയുന്നു. കത്തിന്റെ പൂർണ്ണ പകർപ്പും അദ്ദേഹം തന്റെ ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.
നിർദേശങ്ങൾ
1) സ്ത്രീകളെയും കുട്ടികളെയും ഇരുട്ടില്‍ ഇറക്കി വിടരുത്.
2) ബസ് ഓടിക്കുമ്പോള്‍ നിരത്തിലുള്ള ചെറു വാഹനങ്ങളെയും കാല്‍നടയാത്രക്കാരെയും കരുതലോടെ കാണണം.
3) മുതിര്‍ന്ന സ്ത്രീകളും കുട്ടികളും വൃദ്ധജനങ്ങളും ബസ്സിന്റെ ഉയരമുള്ള പടി കയറുവാന്‍ വിഷമത അനുഭവിക്കുന്നത് കണ്ടാല്‍ അവരെ കൈപിടിച്ച് ബസില്‍ കയറാന്‍ സഹായിക്കണം. നമ്മുടെ കുടുംബത്തിലെ ഒരംഗമാണ് കയറിവരുന്നതെന്ന് കരുതിവേണം ഇത്തരം യാത്രക്കാരോട് പെരുമാറാൻ.
4) ഏതെങ്കിലും തരത്തിൽ യാത്രക്കാർക്ക് മോശമായ സമീപനം ഉണ്ടായാല്‍ നടപടിയെടുക്കും.
5) ഒരേ റൂട്ടിലേക്ക് ഒന്നിന്നു പിറകേ ഒന്നായി വരിവരിയായി ബസുകള്‍ സര്‍വ്വീസ് നടത്തുന്ന പ്രവണത ഒരു കാരണവശാലും ഉണ്ടാകരുത്. ഇത്തരം പ്രവണത കണ്ടാല്‍ ജീവനക്കാര്‍ തന്നെ അധികൃതരെ നേരിട്ട് അറിയിക്കണം.
6) കെഎസ്ആര്‍ടിസിയുടെ പണം ഉപയോഗിക്കാതെ തന്നെ ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ എസി മുറികള്‍ ഉണ്ടാക്കും.
7) ജീവനക്കാര്‍ക്ക് ആരോഗ്യ പരിശോധനയും തുടര്‍ ചികിത്സയും ഉറപ്പാക്കും.
8) സ്പോണ്‍സര്‍ഷിപ്പ് വഴി കെഎസ്ആര്‍ടിസി സ്റ്റേഷനുകള്‍ നവീകരിക്കുന്നതിനും പദ്ധതിയുണ്ട്.