ഇനി ഈസിയായി യാത്ര ചെയ്യാം. മസ്കറ്റിനും റിയാദിനും ഇടയിൽ യാത്ര ചെയ്യുന്നവർക്ക് ആശ്വാസമായി പുതിയ ബസ് സർവീസിന് വ്യാഴാഴ്ച തുടക്കമായി. ഒമാനെയും സൗദിയെയും ബന്ധിപ്പിച്ചുകൊണ്ട് എംപ്റ്റി ക്വാർട്ടർ മരുഭൂമിയിലൂടെയാണ് സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയായ അൽ ഖഞ്ചരി സർവിസ് നടത്തുന്നത്. ദിവസവും രാവിലെ ആറ് മണിക്ക് മസ്കറ്റിൽനിന്ന് പുറപ്പെടുന്ന ബസ് വൈകുന്നേരം അഞ്ച് മണിക്ക് റിയാദിലെ അസീസിയ ഏരിയയിൽ എത്തിച്ചേരുന്ന വിധത്തിലാണ് റൂട്ട് ക്രമീകരിച്ചിരിക്കുന്നത്.
അതേസമയം ഇമിഗ്രേഷൻ നടപടികളും മറ്റും പൂർത്തിയാക്കുന്നതടക്കം യാത്രക്ക് ഏകദേശം 18 മുതൽ 20 മണിക്കൂർവരെ സമയമെടുക്കുമെന്ന് അൽ ഖഞ്ചാരി ട്രാൻസ്പോർട്ട് ഉടമ റാഷിദ് അൽ ഖഞ്ജരി പറഞ്ഞു. ഒമാനിൽ റൂവി, ഇബ്രി, നിസ് എന്നിങ്ങനെ മൂന്ന് സ്റ്റോപ്പുകളായിരിക്കും ഉണ്ടാവുക. പ്രമോഷണൽ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുമാസം വൺവേക്ക് 25 ഒമാൻ റിയാലായിരിക്കും ഈടാക്കുന്നത്. ഇതിനുശേഷം 35 റിയാലായി നിരക്ക് മാറും. രണ്ട് ഡ്രൈവർമാരെ ഉപയോഗപ്പെടുത്തിയാണ് സർവിസ് നടത്തുന്നത്. ബസിൽ കുറഞ്ഞത് 25 യാത്രക്കാരെങ്കിലും ഉണ്ടായിരിക്കണമെന്നും സൗദി അധികൃതർ വ്യവസ്ഥ ചെയ്തിട്ടുണ്ട്.