ദുബായുടെ വികസന തന്ത്രങ്ങളുടെ വിജയത്തിൽ മാധ്യമങ്ങൾ നിർണായക പങ്ക് വഹിക്കുന്നുവെന്ന് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. സമൂഹത്തിൽ ബൗദ്ധികവും സാംസ്‌കാരികവുമായ സ്ഥാനം സൃഷ്ടിക്കുന്നതിൽ മാധ്യമങ്ങൾ പ്രധാന സംഭാവനയാണ് നൽകുന്നതെന്നും ഷെയ്ഖ് മുഹമ്മദ് കൂട്ടിച്ചേർത്തു.
2024 ജനുവരി 10, 11 തീയതികളിൽ യുഎഇ ആതിഥേയത്വം വഹിക്കുന്ന “1 ബില്യൺ ഫോളോവേഴ്‌സ് സമ്മിറ്റ്” പരിപാടിയുടെ ഭാഗമായാണ് ഭരണാധികാരിയുടെ പ്രതികരണം.
“കണക്‌റ്റുചെയ്യുക” എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ഉച്ചകോടിയാണ് നടക്കുക. ഡിജിറ്റൽ ഉള്ളടക്കം സൃഷ്ടിക്കുന്നതിനുള്ള ആഗോള പ്ലാറ്റ്‌ഫോം എന്ന നിലയിൽ യുഎഇയുടെ സ്ഥാനം ഉറപ്പിക്കുന്നതാണ് ഉച്ചകോടി. മാധ്യമ, ഡിജിറ്റൽ ഉള്ളടക്കങ്ങളിലും അവയുടെ നിർമ്മാണത്തിലും യുഎഇ നൽകുന്ന പിന്തുണയും ശൈഖ് മുഹമ്മദ്
വ്യക്തമാക്കി.
മാധ്യമ ഉളളടക്കവുമായി ബന്ധപ്പെട്ട് നടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സംഗമമാണ് ” 1 ബില്യൺ ഫോളോവേഴ്‌സ്” ഉച്ചകോടി. മാധ്യമ, ഡിജിറ്റൽ മേഖലയിലുളള 7000 പ്രതിനിധികൾ ആഗോള ഉച്ചകോടിയിൽ പങ്കെടുക്കും. 200 മീഡിയ കണ്ടൻ്റ് പ്രൊഡക്ഷൻ കമ്പനികൾ, 100 ഡിജിറ്റൽ പ്രൊഡക്ഷൻ ഏജൻസികൾ, 100 സിഇഒമാർ, ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഡിജിറ്റൽ ഉള്ളടക്ക സ്രഷ്‌ടാക്കളിൽ നിന്നുള്ള 190 പ്രാസംഗികർ എന്നിവരും ഉച്ചകോടിയുടെ ഭാഗമാകും.
വിവിധ വിഷയങ്ങളിലെ ചർച്ചകൾക്ക് പുറമെ 15 ഫയർസൈഡ് ചാറ്റുകൾ, 4 സംവാദങ്ങൾ, 20 ഓൺ-ഗ്രൗണ്ട് ആക്ടിവേഷനുകൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ക്രിയേറ്റീവ് മേഖലയിലെ അനുഭവങ്ങളും വൈദഗ്ധ്യവും കൈമാറുന്നതിനുളള അവസരവുമുണ്ട്. മാധ്യമങ്ങളിലൂടെ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നവരെയും മികച്ച ഉള്ളടക്ക സ്രഷ്‌ടാക്കളെയും കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി ഉച്ചകോടിയിലേക്ക് സ്വാഗതം ചെയ്തു.