ദുബായിലുടനീളം പ്രധാനസ്ഥലങ്ങളിലായി 762 പൊതു ബസ് ഷെൽട്ടറുകൾ നിർമ്മിക്കാൻ ഒരുങ്ങി ദുബായ് റോഡ്‌സ് & ട്രാൻസ്പോർട്ട് അതോറിറ്റി (RTA). പ്രോജക്റ്റ് പ്ലാൻ അനുസരിച്ച് എല്ലാ ഷെൽട്ടറുകളും 2025-ഓടെ പൂർത്തീകരിക്കാനാണ് അതോറിറ്റി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. മാത്രമല്ല, ഒരു കമ്പനിയുമായി സഹകരിച്ച് ട്രയൽ അടിസ്ഥാനത്തിൽ ചില ഷെൽട്ടറുകളുടെ നിർമ്മാണത്തിൽ 3D പ്രിന്റിംഗ് സാങ്കേതികവിദ്യയും ഉപയോഗിക്കും.
പൊതുഗതാഗത സേവനങ്ങളും ഉപഭോക്തൃ സംതൃപ്തി സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ ബസ് ഷെൽട്ടറുകൾ നിർമ്മിക്കുന്നതെന്ന് എന്ന് ആർടിഎ എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ബോർഡ് ചെയർമാനും ഡയറക്ടർ ജനറൽ മാറ്റർ അൽ തായർ പറഞ്ഞു.
കൂടാതെ, വീൽചെയർ ആക്‌സസ് ചെയ്യാവുന്ന പ്രദേശങ്ങൾ ഉൾപ്പെടെ ഭിന്നശേഷിക്കാരായ ആളുകൾക്കുള്ള ദുബായ് കോഡുമായി പൊരുത്തപ്പെടുന്ന രീതിയിലാണ് പുതിയ ഷെൽട്ടറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ‘എന്റെ കമ്മ്യൂണിറ്റി, എല്ലാവർക്കും ഒരു സ്ഥലം’ എന്ന സംരംഭത്തെയും ഈ പ്രോജക്റ്റ് പിന്തുണയ്ക്കാനും ദുബായിയെ ഭിന്നശേഷിക്കാരുടെ സൗഹൃദ നഗരമാക്കി മാറ്റാനുമാണ് ദുബായിലെ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ബിൻ റാഷിദ് അൽ മക്തൂം ലക്ഷ്യമിടുന്നത്.