യുഎൻ കാലാവസ്ഥാ ഉച്ചകോടിയായ കോപ് 28-ന് ഇന്ന് ദുബായിൽ തുടക്കം. ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രിയോടെ ദുബായിലെത്തും.
പതിമൂന്ന് ദിവസം ഉച്ചകോടി നീണ്ടുനിൽക്കും. ആദ്യ മൂന്നു ദിവസം ലോക നേതാക്കൾ സംസാരിക്കും. ബ്രിട്ടനിലെ ചാൾസ് രാജാവും പ്രധാനമന്ത്രി ഋഷി സുനകും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ള നേതാക്കൾ ആദ്യ ദിവസമെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച രാത്രി മടങ്ങും. 2023നെ സുസ്ഥിരതാ വർഷമായി ആചരിച്ച്, ദീർഘകാലത്തെ ഒരുക്കത്തിന് ശേഷമാണ് കോപ്പ് 28നായി ലോകനേതാക്കളെ യുഎഇ വരവേൽക്കുന്നത്.
കനത്ത സുരക്ഷാ വലയത്തിലാണ് ഉച്ചകോടി നടക്കുന്നത്. ദുബായ് നഗരത്തിൽ കടുത്ത ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച്ച ഇസ്രയേൽ, പലസ്തീൻ പ്രസിഡന്റുമാർ ഉച്ചകോടിയിൽ സംസാരിക്കുന്നുണ്ട്. ഉച്ചകോടിയുടെ സുരക്ഷാ നടപടികളുടെ ഭാഗമായി ഡിസംബർ 1,2,3 ദിവസങ്ങളിൽ രാവിലെ ശൈഖ് സായിദ് റോഡ് ഭാഗികമായി അടച്ചിടും. വേൾഡ് ട്രേഡ് സെന്റർ മുതൽ എക്സ്പോസിറ്റി ഇന്റർസെഷൻ വരെ രാവിലെ 7 മുതൽ 11 വരെ ഗതാഗതം അനുവദിക്കില്ല.