ഒമാനിൽ അരി വില കുതിച്ചുയരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില വർധിച്ചതിന് പുറമെയാണ് അരി വിലയും ഉയർന്നുകൊണ്ടിരിക്കുന്നത്. ഇതോടെ അരിയാഹാരം മുഖ്യഭക്ഷണമായി ഉൾപ്പെടുത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ളവരുടെ ജീവിത ചെലവ് താങ്ങാവുന്നതിലും അധികമാണ്.
ചോറ് വെയ്ക്കുന്നതിനുള്ള അരി, ബിരിയാണി അരി, പച്ചരി തുടങ്ങിയവയുടെ വിലയിൽ വലിയ മാറ്റമാണ് ഉണ്ടായത്. മലയാളികൾ ചോറ് പാകം ചെയ്യുന്നതിനായി കൂടുതലായും ആശ്രയിക്കുന്ന ഈഗിൾ, തായ് ബോയിൽ അരികൾക്ക് ചാക്കിന് 1.800 ബൈസയാണ് വർധിച്ചത്. 20 കിലോ ചാക്കിന് അഞ്ച്, 5.500 എന്നതായിരുന്നു മുമ്പ് വിലയെങ്കിൽ ഇപ്പോൾ 6.800 ആണ് പുതിയ വില. കൂടാതെ 20 കിലോയുടെ അരി ചാക്കിന് പകരം ഇപ്പോൾ വരുന്നത് 18 കിലോയുടെ ചാക്കാണ്.
ബിരിയാണി അരികളായ കൈമ, ജീരകശാല തുടങ്ങിയ ഇനങ്ങൾക്കും വില കൂടിയിട്ടുണ്ട്. 13 റിയാൽ ഉണ്ടായിരുന്ന 20 കിലോയുടെ ജീരകശാല, കൈമ അരികൾക്കിപ്പോൾ ചാക്കിന് അഞ്ച് റിയാൽ വർധിച്ച് 18 റിയാലായി മാറിയിട്ടുണ്ട്. ഏഴ് റിയാൽ ഉണ്ടായിരുന്ന പച്ചരിയുടെ 35 കിലോ ചാക്കിന് ഇപ്പോൾ നൽകേണ്ടിവരുന്നത് 13 റിയാലാണ്. പൊന്നി, കുത്തരി തുടങ്ങിയവയ്ക്കും വില വർധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും അരിവില ഇത്തരത്തിൽ വർധിച്ചാൽ അരി ആഹാരത്തെ പ്രധാന ഭക്ഷണമായി ഉൾപ്പെടുത്തുന്നവർ ദുരിതത്തിലാകും.