ഗൾഫ് മേഖലയെ ആശങ്കയാക്കി വീണ്ടും ഭൂചലനം.ദക്ഷിണ ഇറാനിലാണ് ശക്തമായ ഭൂമികുലുക്കമുണ്ടായത്. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 1.30 നാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിന്റെ പ്രകമ്പനം യുഎഇ ഉൾപ്പടെ സമീപ ഗൾഫ് രാജ്യങ്ങളിലും പ്രകടമായി. തുടര്‍മാനമായ ആറ് ചലനങ്ങൾ ഉണ്ടായെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു.
ഭൂമികുലുക്കത്തെ തുടര്‍ന്ന് ഇറാനില്‍ 5 മരണവും 25 പരുക്കുകളും റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ നാശനഷ്ടങ്ങൾ സംഭവിച്ചതായും ഔദ്യോഗിക ഏജന്‍സികൾ സൂചിപ്പിച്ചു. എന്നാല്‍ ഇതര ഗൾഫിൽ എവിടെയും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല. തെക്കന്‍ ഇറാനിൽ ഗൾഫ് തീരത്തോട് ചേർന്നുകിടക്കുന്ന ബന്ദർ ഖമീറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
ഇറാനുപുറമെ യു.എ.ഇയുടെ മിക്കഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.
പ്രാദേശിക സമയം പുലർച്ചെ 1.32ന് 10 കിലോ മീറ്റർ ദൂരത്തിലാണ് ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. 6.3 തീവ്രത രേഖപ്പെടുത്തിയ ചലനത്തിന് പിന്നാലെ അരമണിക്കൂര്‍ ഇടവേളകളില്‍ തുടര്‍ചലനങ്ങൾ ഉണ്ടാവുകയായിരുന്നു. നാല് മാഗ്നിറ്റ്യൂഡിന് മുകളിലാണ് എല്ലാ ചലനങ്ങളുമുണ്ടായത്. സൗദി അറേബ്യ, ഒമാൻ, ഖത്തർ, ബഹ്റൈൻ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലും ഭൂചലനം പ്രകടമായി.
തെക്കന്‍ ഇറാന് പ്രഭവ കേന്ദ്രമായി രണ്ടാഴ്ചക്കിടെ ഉണ്ടാകുന്ന മൂന്നാമത് ഭൂമികുലുക്കമാണ് ശനിയാഴ്ച അനുഭവപ്പെട്ടത്. ഇതിനിടെ അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂമികുലുക്കത്തില്‍ ആയിരത്തിലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു.