ഇസ്രയേൽ-ഹമാസ് സംഘർഷത്തിൽ ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് സഹായവുമായി ഇന്ത്യൻ എംബസി. ഹെൽപ്പ് ലൈൻ നമ്പർ പുറത്തിറക്കിയിരിക്കുകയാണ് എംബസി. കൂടാതെ ശാന്തമായും ജാഗ്രതയോടെയും ഇരിക്കണമെന്ന് ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും എംബസി മുന്നറിയിപ്പ് നൽകി.
അതേസമയം ഇസ്രയേൽ-ഹമാസ് യുദ്ധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇസ്രയേലിലെ മലയാളികളുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു. ഹമാസിൻറെ അതിർത്തി കടന്നുള്ള ആക്രമണത്തിൽ ഇസ്രയേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടന്നുവെന്നാണ് റിപ്പോർട്ട്. 1008 പേർ ഇതിനകം കൊല്ലപ്പെട്ടുവെന്നും 3418 പേർക്ക് പരുക്കേറ്റെന്നുമാണ് വിവരം.
ഇന്ത്യൻ എംബസി പുറത്തിറക്കിയിരിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകൾ: 097235226748, 0972543278392. കൂടാതെ [email protected] എന്ന ഇ-മെയിൽ വഴിയും ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.