നിയമമേഖലയിൽ ബഹ്റൈനും സിംഗപ്പൂരും സഹകരിക്കുന്നു. ഇരു രാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. വ്യാപാര സംബന്ധമായ കേസുകൾ തീർപ്പാക്കുന്നതിന് അന്താരാഷ്ട്ര വ്യാപാര കോടതി സ്ഥാപിക്കാനും ധാരണയായി. ബഹ്റൈൻ ഇന്റർനാഷനൽ കോമേഴ്സ്യൽ കോർട്ട് (ബി.ഐ.സി.സി) എന്നായിരിക്കും പുതിയ കോടതിയുടെ പേര്. സിംഗപ്പൂർ ഇന്റർനാഷണൽ കൊമേഴ്സ്യൽ കോർട്ടിന്റെ മോഡലിലായിരിക്കും കോടതി സ്ഥാപിക്കുക.
സുപ്രീം ജുഡീഷ്യൽ കൗൺസിൽ വൈസ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ അലി ആൽ ഖലീഫയുടെ സിംഗപ്പൂർ സന്ദർശനത്തിനിടെ യാണ് കരാറിൽ ഒപ്പുവെച്ചത്. സിംഗപ്പൂരിനെ പ്രതിനിധീകരിച്ച് ചീഫ് ജസ്റ്റിസ് സന്ദരീഷ് മേനോനാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചു. കൂടാതെ ഇരു രാജ്യങ്ങളിൽ നിന്നും ബന്ധപ്പെട്ടവരെ ഉൾപ്പെടുത്തി സംയുക്ത കമ്മിറ്റിയും രൂപവത്കരിച്ചിരുന്നു. അന്താരാഷ്ട്ര വ്യാപാര തർക്ക പരിഹാര കോടതിയെ,വ്യവഹാര മേഖലയിൽ സിംഗപ്പൂരിന്റെ അനുഭവ സമ്പത്ത് മുന്നിൽ വെച്ചാണ് ബഹ്റൈൻ മുന്നോട്ടു നീങ്ങുക എന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.