ഇസ്രയേൽ പൊലീസിനുള്ള യൂണിഫോം വിതരണം റദ്ദാക്കി കണ്ണൂരിലെ കമ്പനി

Date:

Share post:

ഇസ്രയേൽ പൊലീസിന് യൂണിഫോം നൽകുന്നത് താൽകാലികമായി അവസാനിപ്പിച്ച് കണ്ണൂരിലെ വസ്ത്രനിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ്. ‌വാർത്താക്കുറിപ്പിലാണ് കമ്പനി എംഡി ഇക്കാര്യം അറിയിച്ചത്. 2015 മുതൽ ഇസ്രയേൽ പൊലീസിന് യൂണിഫോം നിർമ്മിച്ച് നൽകുന്നത് മരിയൻ അപ്പാരൽസാണ്. കഴിഞ്ഞ 8 വർഷമായി ഇസ്രയേൽ പൊലീസിന് പ്രതിവർഷം ഒരു ലക്ഷത്തോളം യൂണിഫോം ഷർട്ടുകൾ വിതരണം ചെയ്യുന്നത് ഇവിടെ നിന്നാണ്.

മാനവികതയ്ക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്നും സമീപകാല സംഭവങ്ങൾ മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കണ്ണൂരിൽ പ്രവർത്തിക്കുന്ന മരിയൻ അപ്പാരൽസ്‌ കമ്പനി എം ഡി തോമസ് ഓലിക്കൽ പറഞ്ഞു. തൊടുപുഴ സ്വദേശിയായ മുംബൈ മലയാളി വ്യവസായി തോമസ് ഓലിക്കലിന്റെ ഉടമസ്ഥതയിലുള്ള ഈ കമ്പനിയിൽ ആയിരത്തി അഞ്ഞൂറോളം ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

കോടികളുടെ നഷ്ടം വരുമെങ്കിലും യുദ്ധത്തിൽ പ്രയാസമനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇസ്രയേൽ പൊലീസിന് യൂണിഫോം നൽകുന്നില്ല എന്ന് തീരുമാനിച്ചത്. ആശുപത്രികളിൽ ഉൾപ്പെടെ ബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മിക വിയോജിപ്പുള്ളതിനാലാണ് തീരുമാനമെന്ന് സ്ഥാപന അധികൃതർ അറിയിച്ചതായി വ്യവസായ മന്ത്രി പി രാജീവും ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

മന്ത്രി പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇസ്രയേൽ പൊലീസ് ഉൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് യൂണിഫോം നിർമ്മിച്ചു നൽകുന്ന കണ്ണൂരിലെ പ്രമുഖ വസ്ത്ര നിർമ്മാണ കമ്പനിയായ മരിയൻ അപ്പാരൽസ് വാർത്തകളിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ആശുപത്രികളിൽ ഉൾപ്പെടെ ബോംബ് വർഷിച്ച് നിരപരാധികളെ കൊന്നൊടുക്കുന്ന സമീപനത്തോട് ധാർമ്മിക വിയോജിപ്പുള്ളതിനാൽ, സമാധാനം പുന:സ്ഥാപിക്കുന്നതു വരെ ഇസ്രയേലിൽ നിന്നുള്ള ഓർഡറുകൾ സ്വീകരിക്കേണ്ടതില്ല എന്ന് മരിയൻ അപ്പാരൽസ് ഇപ്പോൾ തീരുമാനിച്ചിരിക്കുകയാണ്. ഇക്കാര്യം വ്യക്തമാക്കി പത്രക്കുറിപ്പും നൽകിയിട്ടുണ്ട്. യഥാർത്ഥത്തിൽ, ലോകമാകെ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ട ഒരു സ്ഥാപനം കേരളത്തിലുണ്ടെന്നത് ഇവിടെ ചർച്ചാ വിഷയമായത് ഇപ്പോഴാണെന്നതാണ് കൗതുകം. ആഗോളാടിസ്ഥാനത്തിൽ വൻ വിപണിയുള്ള സ്ഥാപനമാണ് മരിയൻ അപ്പാരൽസ്. ഇസ്രയേൽ പൊലീസിന് 2015 മുതൽ മരിയൻ അപ്പാരൽ യൂണിഫോം നൽകുന്നുണ്ടായിരുന്നു. പൂർണമായും എക്‌സ്‌പോർട്ട് മേഖലയിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇസ്രയേൽ പൊലീസിനു മാത്രമല്ല ഫിലപ്പീൻ ആർമി, ഖത്തർ എയർഫോഴ്‌സ്, ഖത്തർ പോലീസ്, ബ്രിട്ടീഷ് അമേരിക്കൻ സെക്യൂരിറ്റി കമ്പനികൾ, ആശുപത്രി ജീവനക്കാർ തുടങ്ങിയവരെല്ലാം അണിയുന്ന യൂണിഫോമിന് പിന്നിൽ ഈ വസ്ത്ര നിർമാണ കമ്പനിയുടെ സാന്നിധ്യമുണ്ട്.

മലയാളിയായ തോമസ് ഓലിക്കൽ നേതൃത്വം നൽകുന്ന കമ്പനി 2008 മുതൽ കണ്ണൂർ കൂത്തുപറമ്പിൽ പ്രവർത്തിക്കുന്ന നിർമാണ യൂണിറ്റിലാണ് യൂണിഫോമുകളെല്ലാം നിർമിക്കുന്നതും പായ്ക്ക് ചെയ്യുന്നതും. ഉന്നത ഗുണ നിലവാരമുറപ്പിക്കാനായി പ്രത്യേകം റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ടീമും മരിയൻ അപ്പാരലിൽ ഉണ്ട്. ഇന്ന് 1,500ഓളം ജീവനക്കാർ ഇവിടെ ജോലി ചെയ്യുന്നു. ഇവരിൽ ഭൂരിഭാഗവും സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. 95 ശതമാനം ജീവനക്കാരും വനിതകളാണ്. മികച്ച ടീം വർക്കിലൂടെ രാജ്യാന്തര നിലവാരത്തിൽ ഉൽപ്പാദനം സാധ്യമാകുന്നു. യൂണിഫോമുകളിൽ മാത്രം ശ്രദ്ധ പതിപ്പിച്ചിരിക്കുന്നത് കൊണ്ട് ഫാഷൻ മാറുന്നതനുസരിച്ച് ഉൽപ്പാദനത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടതില്ല എന്നതിനാൽ കമ്പനിയുടെ വരുമാനത്തെ ബാധിക്കുന്നില്ല. 50-70 കോടി രൂപ വാർഷിക വിറ്റുവരവും കമ്പനിക്കുണ്ട്. മിഡിൽ ഈസ്റ്റിലെ പല സ്‌കൂളുകൾക്കും യൂണിഫോമുകൾ, ആശുപത്രികളിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിലേക്കുള്ള യൂണിഫോമുകൾ, വിദേശ രാജ്യങ്ങളിലേക്കുള്ള ഫയർ ആൻഡ് റെസ്‌ക്യൂ വസ്ത്രങ്ങൾ, കോട്ടുകൾ തുടങ്ങിയവയും മരിയൻ ഉൽപാദിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ്; പ്രഖ്യാപനവുമായി ദുബായ് ആർടിഎ

ഗ്ലോബൽ വില്ലേജിലേയ്ക്ക് ഉൾപ്പെടെ പുതിയ ബസ് സർവ്വീസ് പ്രഖ്യാപിച്ച് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). സത്വ ബസ് സ്റ്റേഷനെ ഗ്ലോബൽ വില്ലേജുമായി...

‘പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ മാരകം’; പ്രേംകുമാർ

പല മലയാളം സീരിയലുകളും എൻഡോസൾഫാൻ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകൾക്ക് സെൻസറിങ് ആവശ്യമാണെന്നും നടനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ. സിനിമയും സീരിയലും വെബ്‌സീരീസുമെല്ലാം...

യുഎഇ ദേശീയ ദിനം; സാമ്പത്തിക വിപണികൾ ഡിസംബർ 2, 3 തിയതികളിൽ അടച്ചിടും

യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ സാമ്പത്തിക വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിടും. സെക്യൂരിറ്റീസ് ആന്റ് കമ്മോഡിറ്റീസ് അതോറിറ്റി (എസ്‌സിഎ)യാണ് ഇക്കാര്യം അറിയിച്ചത്. ഡിസംബർ 2,...

കെഎസ്ആര്‍ടിസി ബസിൽനിന്ന് പുറത്തേക്ക് വീണ വയോധിക മരിച്ചു

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ...