മുസ്ലിം ലീഗ് ഉൾപ്പടെയുളള പാർട്ടികളെ നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നൽകിയ ഹർജി സുപ്രീം കോടതി തളളി . മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്നതിനാൽ ഈ പാർട്ടികളെ നിരോധിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജി പിൻവലിക്കാൻ ഹർജിക്കാരൻ തയ്യാറായതോടെയാണ് കോടതി നടപടി.
ഹൈക്കോടതിയിൽ സമാന ഹർജി പരിഗണനയിലിരിക്കേയാണ് പരാതിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്. ഇത് സാങ്കേതികമായി നിലനിൽക്കില്ലെന്നും അഭിഭാഷകനായ കെ കെ വേണുഗോപാൽ വാദിക്കുകയായിരുന്നു. യുപി സ്വദേശിയും ഷിയ വഖഫ് ബോർഡ് മുൻ ചെയർമാൻ സൈദ് വസീം റിസ്വി എന്നയാളാണ് ഹർജി നൽകിയിരുന്നത്. സുപ്രീംകോടതി ജസ്റ്റിസുമാരായ എംആർ ഷാ, അഹ്‌സനാദുയിൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ചില പാർട്ടികളെ മാത്രം ലക്ഷ്യമിട്ടാണ് ഹർജിയെന്നായിരുന്നു പ്രധാൻ ആക്ഷേപം. മുസ്ലിം ലീഗ്, ഹിന്ദു ഏകത ദൾ, എഐഎംഐഎം എന്നീ പാർട്ടികളെ കക്ഷിയാക്കിയപ്പോൾ ഹർജിക്കാരൻ ശിവസേനയും അകാലിദളും അടക്കമുളള പാർട്ടികളെ ഒഴിവാക്കിയിരുന്നു.
അതേസമയം സുപ്രിം കോടതിവിധി ചരിത്രപരമെന്ന് സാദിഖലി തങ്ങൾ വിശേഷിപ്പിച്ചു. നീതിന്യായ സംവിധാനത്തോടുള്ള ബഹുമാനം ഇരട്ടിയാക്കുന്നതാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് ജനാധിപത്യ മതനിരപേക്ഷ പാർട്ടിയാണെന്നു അരക്കിട്ടുറപ്പിക്കുന്ന വിധിയാണുണ്ടായതെന്നും കോടതി പരിഗണിച്ചത് ലീഗിൻ്റെ പേരല്ല മറിച്ച് ഇത്രയും കാലത്തെ പ്രവർത്തനങ്ങളാണെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു.