പുതിയ പാർലമെന്റ് മന്ദിരത്തിന് മുകളിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത ദേശീയ ചിഹ്നമായ അശോക സ്തംഭമാണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. അശോക സ്തംഭത്തിലെ സിംഹങ്ങൾക്ക് സൗമ്യഭാവമാണെന്നും പുതിയ ശിൽപത്തിലുള്ള സിംഹങ്ങൾക്ക് നരഭോജി ഭാവമാണുള്ളതെന്നും ആർജെഡി ട്വീറ്റ് ചെയ്തു. കൂടാതെ പല പ്രതിപക്ഷ കക്ഷികളും വിമർശനം ഉന്നയിക്കുകയും ചെയ്തു.
ഇപ്പോൾ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിമയുടെ ശില്‍പി സുനിൽ ദിയോർ. സാരനാഥിലെ യഥാര്‍ത്ഥ അശോക സ്തംഭത്തിന്‍റെ മാതൃകയില്‍ തന്നെയാണ് ഇതും നിർമിച്ചതെന്ന് അദ്ദേഹം പറയുന്നു.
സിംഹങ്ങളുടെ മുഖത്ത് ‘രൗദ്രഭാവം’ ആണെന്നാണ് വിമർശനങ്ങൾ. എന്നാല്‍ അത് ശില്പത്തിന്റെ തൊട്ട് താഴെ നിന്ന് നോക്കുന്നവരുടെ കാഴ്ചപ്പാടാണ്. യഥാര്‍ത്ഥ ശില്‍പ്പം ദീര്‍ഘകാലം എടുത്ത് പഠിച്ച ശേഷമാണ് നിര്‍മ്മിച്ചതെ lന്നാണ് അദ്ദേഹം പറയുന്നത്. ഔറംഗാബാദില്‍ നിന്നുള്ള ശില്‍പിയാണ് സുനിൽ ദിയോർ.
സഹോദരനും ഗ്രാഫിക് ഡിസൈനറുമായ സുശില്‍ ദിയോർ ആണ് ശില്‍പ്പത്തിന്‍റെ രൂപരേഖ ഉണ്ടാക്കിയത്. സാരനാഥിലെ ശില്‍പത്തേക്കാള്‍ 20 മടങ്ങ് വലുതാണ് പാര്‍ലമെന്‍റിന് മുന്നില്‍ സ്ഥാപിക്കുന്ന ശില്‍പ്പത്തിന്‍റെ വലുപ്പം എന്നും സുനിൽ പറയുന്നു.
ഏകദേശം 1-2 കിലോമീറ്റര്‍ ദൂരെ നിന്നും നോക്കിയാല്‍ മാത്രമേ ഈ ശില്‍പ്പം അതിന്‍റെ യഥാര്‍ത്ഥ കാഴ്ചയില്‍ കാണാന്‍ സാധിക്കൂ.വലിയൊരു ശില്‍പ്പം അയതിനാല്‍ വിവിധ അംഗിളുകളില്‍ നിന്നും നോക്കുമ്പോൾ ചിലപ്പോള്‍ സിംഹത്തിന്‍റെ മുഖഭാവം പലരീതിയില്‍ തോന്നിയേക്കാം- സുശില്‍ ദിയോർ പറയുന്നു.
അതേസമയം വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച അശോക സ്തംഭം യഥാര്‍ത്ഥ വലുപ്പത്തില്‍ സ്ഥാപിച്ചാല്‍ അത് ദൃശ്യമാവില്ലെന്നും താഴെ നിന്ന് നോക്കുമ്പോള്‍ രൗദ്രഭാവം തോന്നുന്നതാണെന്നും കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി പ്രതികരിച്ചു.