ഖത്തര്‍ ലോകകപ്പിനാകെയൊരു കേരളമയമുണ്ട്. വര്‍ണാഭമായ സ്റ്റേഡിയം നിര്‍മ്മിച്ചതിൽ തുടങ്ങി ലോകകപ്പ് സംഘാടനത്തിലും മത്സരാസ്വാദനത്തിലും വരെയുണ്ട് മലയാളക്കരയുമായുള്ള ബന്ധം.
ഫുട്ബോള്‍ ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ കാഴ്ചക്കാരായും വോളണ്ടിയര്‍മാരായും പങ്കെടുക്കുന്ന ലോകകപ്പാണ് ഖത്തറിൽ നടക്കുന്നത്. ഖത്തർ പ്രവാസികളായ മലയാളികൾക്ക് ഉത്സവം കൂടിയാണ് ഖത്തറിലെ ലോക ഫുട്ബോള്‍ മാമാങ്കം. ഈ മലയാളിക്കരുത്തിന് സ്നേഹവായ്പോടെ നന്ദി അറിയിക്കുകയാണ് ഖത്തര്‍ ലോകകപ്പിന്റെ സംഘാടകര്‍.
ഖത്തറും ഇക്വഡോറും തമ്മിലുള്ള കിക്കോഫ് മത്സരത്തിന് വേദിയായ അൽ ബൈത്ത് സ്റ്റേഡിയത്തിന്റെ കവാടത്തില്‍ മലയാളത്തിലും നന്ദി എഴുതി പ്രകാശിപ്പിച്ചാണ് കേരളത്തോടുള്ള സ്നേഹം പ്രകടമാക്കിയത്. മലയാളത്തില്‍ മാത്രമല്ല മറ്റനേകം ഭാഷകളിലും ഖത്തറിന്റെ ഹൃദയത്തില്‍ നിന്നുള്ള ഈ സ്നേഹവായ്പ് കാണാമായിരുന്നു.