ബിസിനസ്സ് എന്നു പറഞ്ഞാൽ അതൊരു ചലഞ്ചാണ്. ജീവിതത്തിന്റെ സേഫ് സോണിൽ നിൽക്കാതെ വെല്ലുവിളി ഏറ്റെടുക്കുന്നവർ മാത്രമേ പലപ്പോഴും വിജയം കൈവരിക്കാറുള്ളൂ. അത്തരത്തിലുള്ള രണ്ട് വനിതകളെ പരിചയപ്പെടാം ഇന്നത്തെ വനിതാ ശബ്ദത്തിലൂടെ. ഹെൻഡ് അൽ അബ്ബറും ഹംദ അൽ അബ്ബറും. ഇരുവരും എമിറാത്തി സഹോദരിമാരാണ്. ഇവരുടെ ഡ്രീം പ്രോജക്ടാണ് ‘ക്വിക്ക് ഫിക്സ്’. ഇതാണ് സഹോദരിമാരുടെ മുഖവുര. ‘ക്വിക്ക് ഫിക്സ്’സംരഭത്തിലേക്ക് സഹോദരിമാർ എത്തപ്പെട്ട വഴി പരിചയപ്പെടാം.
‘ക്വിക്ക് ഫിക്സ്’ലേക്കുള്ള വഴി
2016ലാണ് ‘ക്വിക്ക് ഫിക്സിന്റെ’ പ്രാഥമിക ഘട്ടം ആരംഭിക്കുന്നത്. അമ്മമാർ കൂടിയായ രണ്ട് എമിറാത്തി സഹോദരിമാർ തങ്ങളുടെ കോർപ്പറേറ്റ് ജോലികൾ ഉപേക്ഷിച്ച് അവരുടെ സ്വപ്ന പദ്ധതിയായ ഇന്റീരിയർ ഡിസൈനിംഗ് സ്റ്റുഡിയോ ആരംഭിക്കാൻ തയ്യാറെടുക്കുന്നു. ഒരു കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചത് തന്നെ പലരെയും അത്ഭുതപ്പെടുത്തി. എന്തിനാണ് ജോലി ഉപേക്ഷിച്ചത് എന്നുകൂടി അറിഞ്ഞപ്പോൾ ബന്ധുക്കളും സുഹൃത്തുക്കളും ഒന്നുകൂടി ഞെട്ടി!
ഇരുവരും തിരക്കിലാണ്
യുഎഇയിലെ പല വീടുകൾക്കുമായുള്ള ഇന്റീരിയർ ചെയ്യുന്ന തിരക്കിലാണ് ഇന്ന്, ഹെൻഡും ഹംദ അൽ അബ്ബറും. ‘ഡ്രസ് മൈ റൂം’ എന്ന ആശയത്തിൽ നിന്ന് ‘ക്വിക്ക് ഫിക്സ്’ൽ എത്തിനിൽക്കുകയാണ് ഇവർ. യുഎഇയുടെ സംസ്കാരവും പൈതൃകവുമായ രീതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സമകാലിക രീതിയിൽ തങ്ങളുടെ സേവനം വാഗ്ദാനം ചെയ്യുകയാണ് സഹോദരിമാർ. ഡിസൈൻ സ്ഥാപനത്തിന്റെ നെടുംതൂണായ ഹെൻഡ്, തന്റെ ബ്രാൻഡിനെ പറ്റിയുള്ള സ്വപ്നങ്ങൾ പങ്കുവെച്ചത് ഇങ്ങനെയാണ്
“വീട് എങ്ങനെ മനോഹരമാക്കാം എന്ന ചിന്ത വളരെ ചെറുപ്പം മുതലേ ഉണ്ടായിരുന്നു”വെന്ന് സഹോദരിമാരിൽ ഒരുവളായ, ഹെൻഡ് പറഞ്ഞു. അക്കൌണ്ടിംഗ് പഠനത്തിന് ശേഷം ബാങ്കിംഗ് മേഖലയിലായിരുന്നു ഹെൻഡ് തെരഞ്ഞെടുത്തത്. അവിടെ നിന്ന് ഇന്റീരിയർ ഡിസൈനിംഗ് എന്ന സ്വപ്നത്തിന് മൂർച്ചകൂട്ടികൊണ്ടിരുന്നു. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും തന്റെ സ്വപ്നപദ്ധതിയായ ഇന്റീരിയർ വർക്കുകളെപ്പറ്റി കൂടിയാലോചന നടത്തി, തന്റെ ആഗ്രഹം തുറന്നു പറഞ്ഞപ്പോൾ എന്റെ സ്വപ്നങ്ങൾക്കൊപ്പം കുടുംബം ഒപ്പം നിന്നുവെന്ന് ഹെൻഡ് പറയുന്നു.
ഒരു ഡിസൈൻ കമ്പനി തുടങ്ങാൻ ആവശ്യമായ കോഴ്സുകൾ എടുക്കാറുണ്ടെന്നും ഹെൻഡ് പറഞ്ഞു. “ബിസിനസ്സ് നടത്തികൊണ്ടുപോകുക ആദ്യഘട്ടത്തിൽ ഹെൻഡിന് അൽപ്പം വെല്ലുവിളി നിറഞ്ഞതായിരുന്നു. അതുകൊണ്ടാണ് എന്റെ സഹോദരിയുടെ സ്വപ്നത്തിനൊപ്പം ചേർന്നു നിൽക്കാൻ താനും തീരുമാനിച്ചതെന്ന് ഹംദ പറഞ്ഞു.
2016 ൽ സഹോദരിമാർ അവരുടെ കമ്പനിക്ക് ഡ്രസ് മൈ റൂം എന്ന് പേരിട്ടു. ആദ്യ ഘട്ടത്തിൽ ഇന്റീരിയർ വർക്കിനായി ഫർണിച്ചറുകളും മറ്റ് സാമഗ്രികളും ഞങ്ങൾ സ്വയം കൊണ്ടുപോയി. ഇത് കണ്ടതോടെ ഉപഭോക്താക്കൾ അമ്പരന്നിരുന്നുവെന്നും സഹോദരിമാർ ഓർക്കുന്നു. രണ്ട് പേരിൽ നിന്ന് തുടങ്ങിയ സംരഭം 15 പേരിലേക്കെത്തി. പിന്നീട് അത് 30 ആയി. ഇപ്പോൾ 40 പേരാണ് സഹോദരിമാരുടെ കീഴിൽ ജോലിചെയ്യുന്നത്.
പെയിന്റിംഗ്, ഫ്ലോറിംഗ് തുടങ്ങിയ ജോലികൾ മുതൽ ഫർണിച്ചറുകളും ആക്‌സസറികളും ഓൺസൈറ്റിലെ സൂക്ഷ്മമായ പ്ലേസ്‌മെന്റ് വരെ ഒരു ടീം വർക്കാണ്. മാർക്കറ്റിംഗ് കാമ്പെയ്‌നുകളൊന്നും ആദ്യ ഘട്ടത്തിൽ നടത്തിയിട്ടില്ലാത്തതിനാൽ, ഇവർ തന്നെ പലരോടും പറഞ്ഞാണ് വർക്ക് നേടിയെടുത്തത്. വേണ്ടത്ര പരസ്യം പോലും നൽകാതിരുന്ന ആദ്യഘട്ടത്തിൽ കമ്പനിക്ക് ആറ് മാസത്തേക്കുള്ള ബുക്കിംഗ് ലഭിച്ചുവെന്നും സഹോദരിമാർ പറയുന്നു.
അഞ്ച് ബെഡ്‌റൂം വരെ ഉൾപ്പെടുന്ന വില്ലകളും കോഫി ഷോപ്പുകളും ഓഫീസുകളും ഉൾപ്പെടെയുള്ള വാണിജ്യ പ്രോജക്‌റ്റുകളും ഞങ്ങൾ മേക്ക് ഓവർ ചെയ്തിട്ടുണ്ട്. 3D റെൻഡറുകളും 2D ഓട്ടോകാഡും മറ്റും ഉപയോഗിച്ച് ഞങ്ങൾ ഇപ്പോഴും ഇന്റീരിയർ ഡിസൈൻ സേവനങ്ങൾ പതിവായി നൽകുന്നുണ്ടെങ്കിലും മേക്കോവറിലാണ് ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പുതിയ സഹകരണങ്ങൾ
ബിസിനസിൽ ഒരു പടി കൂടി മുന്നോട്ട് പോയി കഴിഞ്ഞു ഇവർ, കലാകാരന്മാരുമായും ബ്രാൻഡുകളുമായും സഹകരിച്ച് സമകാലിക രീതിയിൽ ആധുനിക വീടുകളിൽ ഉപയോഗിക്കുന്നതിന് യുഎഇ സംസ്കാരവും പൈതൃകവും പ്രചോദിപ്പിച്ച ശേഖരങ്ങളും ആരംഭിച്ചു. “രാജ്യത്തിന്റെ പൈതൃകം നിലനിർത്തിയുള്ള ഡിസൈനുകൾ വരും തലമുറകളിലേക്ക് കൊണ്ടുപോകുമെന്നാണ്,” ഹെൻഡ് പറയുന്നത്. ഇന്റീരിയർ ഡിസൈനിനോടുള്ള തങ്ങളുടെ അഭിനിവേശവുമായി മുന്നോട്ടു പോകുന്നതിനൊപ്പം കുടുംബജീവിതവും നല്ലരീതിയിൽ മുന്നോട്ട് കൊണ്ടുപോകുകയാണ് ഇവർ.