ദുബായ് കിരീടാവകാശിയുടെ നവജാത ശിശുവിനെ ചേര്‍ത്തുപിടിച്ച് മുത്തച്ഛൻ ഷെയ്ഖ് മുഹമ്മദ്. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ മൂന്നാമത്തെ കുഞ്ഞ് ഷെയ്ഖ് മുഹമ്മദിനെ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തൻ്റെ കൈയിൽ വച്ചുള്ള ചിത്രമാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഷെയ്ഖ് ഹംദാൻ പോസ്റ്റ് ചെയ്ത ചിത്രങ്ങളുടെ അടിക്കുറിപ്പ് ‘ദൈവം അവരെ സംരക്ഷിക്കട്ടെ’ എന്നാണ്. കുഞ്ഞിനെ മടിയിൽ വച്ച ഷെയ്ഖ് മുഹമ്മദിനടുത്ത് ഷെയ്ഖ് ഹംദാൻ നിൽക്കുന്നതും ചിത്രത്തിലുണ്ട്.
ഷെയ്ഖ് മുഹമ്മദ് ജനിച്ച വിവരം ഷെയ്ഖ് ഹംദാൻ ഫെബ്രുവരി 25നാണ് ഇൻസ്റ്റഗ്രാം പേജിലൂടെ അറിയിച്ചത്. കൈകൾക്കുള്ളിൽ പിടിച്ചിരിക്കുന്ന രണ്ട് കുഞ്ഞു കാലുകളുടെ ചിത്രമാണ് അന്ന് പോസ്റ്റ് ചെയ്തത്. ‘ഇറ്റ്സ് എ ബോയ്’ എന്നായിരുന്നു ചിത്രത്തിന് അടിക്കുറിപ്പ്.
ഷെയ്ഖ് ഹംദാന്‍ ഇരട്ടക്കുട്ടികളുടെ പിതാവ് കൂടിയാണ്. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും 2021 മേയിലാണ് ജനിച്ചത്. റാഷിദ് എന്നും ഷെയ്ഖ എന്നുമാണ് അവരുടെ പേര്.