യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം പ്രഖ്യാപിച്ച ‘വൺ ബില്യൺ മീൽസ്’പദ്ധതിയിലെ സംഭാവന 175 കോടി ദിർഹം പിന്നിട്ടു. റമദാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പായി പ്രഖ്യാപിച്ച പദ്ധതി ലക്ഷ്യത്തിലെത്തിയെന്ന് ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു.
പദ്ധതിയിലേക്ക് സംഭാവനകളർപ്പിച്ച മുഴുവനാളുകൾക്കും നന്ദിയറിയിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. പൊതു-സ്വകാര്യ മേഖലകളിലെ വ്യക്തികൾ, സ്ഥാപനങ്ങൾ, ബിസിനസുകൾ എന്നിവയുൾപ്പെടെ 1.8 ലക്ഷത്തിലധികം ദാതാക്കളിൽനിന്നാണ് ഇത്രയും സംഭാവന ലഭിച്ചത്.
കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതിയിൽ 50 രാജ്യങ്ങളിലേക്കാണ് സഹായമെത്തിച്ചത്. 2030ഓടെ പട്ടിണി തുടച്ചുനീക്കാനുള്ള യു.എന്നിന്റെ ലക്ഷ്യത്തെ പിന്തുണക്കുകയെന്നതും പദ്ധതിയുടെ പ്രചോദനമാണ്. സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികൾക്കും പദ്ധതിയിലേക്ക് സംഭാവന നൽകാം. ഭക്ഷണപ്പൊതികളായും വൗച്ചറുകളായുമാണ് ആളുകളിലേക്ക് എത്തുക.