സിൽവർ ലൈന് ചുവപ്പ്കൊടിയുമായി ദക്ഷിണറെയിൽവേ, കേന്ദ്ര റെയിൽവേ ബോർഡിന് റിപ്പോർട്ട് നൽകി. സിൽവർലൈനിന് ഭൂമി നൽകാനാവില്ലെന്നാണ് ദക്ഷിണ റെയിൽവെ പറയുന്നത്. ഭൂമി വിട്ടു നൽകിയാൽ ഭാവി റെയിൽ വികസനം തടസപ്പെടുമെന്ന് കേന്ദ്ര റെയിൽവെ ബോർഡിന് നൽകിയ റിപ്പോർട്ടിൽ റെയിൽവെ ചൂണ്ടിക്കാട്ടി.
നിലവിലെ അലൈൻമെൻറ് കൂടിയാലോചനകളില്ലാതെയാണ്. ഭാവി റെയിൽ വികസനത്തിന് ഇത് തടസ്സം സൃഷ്ടിക്കും. റെയിൽവേ നിർമ്മിതികളിലും ട്രെയിൻ സർവീസുകളിലും പദ്ധതി ആഘാതം ഉണ്ടാക്കും. സിൽവർ ലൈൻ റെയിൽവേക്ക് സാമ്പത്തിക ബാധ്യത വരുത്തും. റെയിൽവേ ബോർഡിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സിൽവർലൈൻ പദ്ധതിക്കായി 183 ഹൈക്ടർ ഭൂമിയാണ് വേണ്ടത്. ഇതിൽ നല്ലൊരു പങ്കും വികസനാവശ്യത്തിന് നീക്കി വച്ചതാണ്. മാത്രമല്ല ഇത് ട്രെയിൻ സർവീസിനുണ്ടാക്കുന്ന ആഘാതം, റെയിൽവേ നിർമിതികൾ പുനർ നിർമ്മിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവ പരിഗണിച്ചിട്ടില്ല. പദ്ധതി ചെലവ് റെയിൽവേ കൂടി വഹിക്കുന്നതിനാൽ അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. സിൽവർലൈൻ പദ്ധതിക്ക് അനുമതി നേടി കെ റെയിൽ പലതവണ കത്തെഴുതിയ സാഹചര്യത്തിലാണ് ദക്ഷിണ റെയിൽവെ റിപ്പോർട്ട് സമർപ്പിച്ചത്.