യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ അറസ്റ്റിൽ. സെക്രട്ടറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിലെടുത്ത കേസിലാണ് നടപടി. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് പത്തനംതിട്ടയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് പ്രകാരം രാഹുലിനെതിരെ നേരത്തെ കേസെടുത്തിരുന്നു. കേസിലെ നാലാം പ്രതിയാണ് രാഹുൽ. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഒന്നാം പ്രതി. മാർച്ചിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് നേരത്തെ 24 യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു.
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധത്തിനൊരുങ്ങി യൂത്ത് കോൺഗ്രസ്. ഭീകരവാദിയോട് എന്ന പോലെയാണ് പൊലീസ് രാഹുലിനോട് പെരുമാറിയതെന്നും വീട് മൊത്തം പൊലീസ് വളയുകയായിരുന്നുവെന്നും സഹപ്രവർത്തകർ ആരോപിക്കുന്നു. പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറിയിച്ചു.