പതിനാറാമത് രാഷ്ട്രപതി തെരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കും. ഫലപ്രഖ്യാപനം ജൂലൈ 21ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ അറിയിപ്പ്. ഈ മാസം 15ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങും. 4,033 എംഎൽഎമാർ ഉൾപ്പെടെ 4,809 വോട്ടർമാർ ഉണ്ട്. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വരാണാധികാരി രാജ്യസഭാ സെക്രട്ടറി ജനറലാണ്. തെരഞ്ഞെടുപ്പില്‍ വിപ്പ് പാടില്ല. കമ്മിഷൻ നൽകുന്ന പേന ഉപയോഗിച്ചില്ലെങ്കിൽ വോട്ട് അസാധുവാകുമെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് നിർദേശം നൽകി. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 29 ആണ്. സൂക്ഷ്മ പരിശോധന ജൂലൈ 2ന് നടത്തും.
നാമനിർദേശ പത്രികയിൽ സ്ഥാനാർഥിയെ 50 പേർ നിർദേശിച്ചിരിക്കണം. 50 പേരുടെ പിന്തുണയും വേണം. 4,033 എംഎൽഎമാരും 776 എംപിമാരുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് രേഖപെടുത്തുക. ഒരു എംപിയുടെ മൂല്യം 700 ആണ്. എംപിമാർക്ക് പാർലമെന്റിലും എംഎൽഎമാർക്ക് നിയമസഭ മന്ദിരത്തിലും ആണ് വോട്ട് ചെയ്യാനുള്ള സൗകര്യം. 10,86,431 ആണ് ഇത്തവണത്തെ ആകെ വോട്ട് മൂല്യമെന്ന് പറയുന്നത്.
പാർലമെന്റ്, സംസ്ഥാന നിയമസഭ എന്നിവയിലെ അംഗങ്ങൾ ചേർന്നാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കുക. പുതിയ രാഷ്ട്രപതി ജൂലൈ 25ന് സത്യപ്രതിജ്ഞ ചെയ്യുന്നതായിരിക്കും.