എല്ലാവർക്കും വീട് എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലൈഫ് പദ്ധതിക്ക് കീഴിൽ നാല് ഭവന സമുച്ചയങ്ങൾ കൂടി കൈമാറി. പുതിയതായി 174 കുടുംബങ്ങളെയാണ് പുനരധിവസിപ്പിച്ചത്. നിര്‍മ്മാണം പൂര്‍ത്തീകരിച്ച നാല് ഭവനസമുച്ചയങ്ങൾ കൈമാറുന്ന ചടങ്ങ് കണ്ണൂരിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
കണ്ണൂരിലെ കടമ്പൂർ, കോട്ടയത്തെ വിജയപുരം, ഇടുക്കിയിലെ കരിമണ്ണൂർ, കൊല്ലത്തെ പുനലൂർ എന്നിവിടങ്ങളിലാണ് ഭവന സമുച്ചയങ്ങൾ അർഹരായവർക്ക് കൈമാറിയത്. പദ്ധതിക്ക് വൻ ജനപിന്തുണയാണെന്നും 14 ലക്ഷംപേരാണ് സംസ്ഥാനത്ത് ഈ പദ്ധതിയിലുടെ സ്വന്തം വീടിനർഹരായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കും, മറ്റ് ശാരീരികമായ അവശത ഉള്ളവര്‍ക്കുമായി കെട്ടിടങ്ങളിൽ പ്രത്യേത സൌകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
ഓരോ യൂണിറ്റിലും ഒരു ഹാള്‍, രണ്ടു കിടപ്പ് മുറികൾ, ഒരു അടുക്കള, ഒരു കക്കൂസ്, ഒരു കുളിമുറി, ഒരു ബാല്‍ക്കണി എന്നിവയാണുളളത്. പൊതുവായി ഒരു ഇടനാഴി, ഗോവണി, അഗ്നിശമന സംവിധാനങ്ങള്‍, വൈദ്യുതി, കുടിവെള്ളത്തിനായി കുഴല്‍ കിണര്‍, കുടിവെള്ള സംഭരണി, സോളാര്‍ ലൈറ്റ് സംവിധാനം, ഖരമാലിന്യ സംസ്കരണ യൂണിറ്റ്, ചുറ്റുമതില്‍, മഴവെള്ള സംഭരണി, ജനറേറ്റര്‍, ട്രാന്‍സ്ഫോര്‍മര്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
ലൈഫ് മിഷൻ പദ്ധതി അനുസരിച്ച് സംസ്ഥാനത്താകെ 29 ഭവന സമുച്ചയങ്ങളുടെ നിർമ്മാണമാണ് നിലവിൽ നടക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇതുവരെ 3,39,822 ഗുണഭോക്താക്കള്‍ക്ക് വീടുകൾ ലഭ്യമായി. 2022-23 സാമ്പത്തിക വര്‍ഷം 1,06,000 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമെന്നും സർക്കാർ അറിയിച്ചു.പിണറായി സർക്കാരിൻ്റെ രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുളള നൂറുദിന പരിപാടിയിലാണ് പുതിയ ഭവനസമുച്ചയങ്ങൾ കൈമാറിയത്.
കടമ്പൂരിലെ നാൽപത്തിനാല് ഗുണഭോക്താക്കൾക്കും മുഖ്യമന്ത്രി താക്കോൽ കൈമാറി. തദ്ദേശ വകുപ്പുമന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. പുനലൂരിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ ചിഞ്ചുറാണി എന്നിവർ ചേർന്ന് താക്കോൽ കൈമാറിയപ്പോൾ കോട്ടയം വിജയപുരത്ത് മന്ത്രി വി.എൻ വാസവനും ഇടുക്കി കരിമണ്ണൂരിൽ മന്ത്രി റോഷി അഗസ്റ്റിനുമാണ് താക്കോൽ കൈമാറിയത്.