കൊച്ചിയിലെ ഹോട്ടലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ഒന്നരമാസം പ്രായമുളള കുഞ്ഞിന്റേത് കൊലപാതകമെന്ന് പൊലീസ്. കുഞ്ഞിന്റെ അമ്മയുടെ സുഹൃത്ത് കണ്ണൂർ ചക്കരക്കൽ സ്വദേശി വി പി ഷാനിഫ് കുറ്റം സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി. കൊലപാതകം നടത്തിയത് താൻ ഒറ്റയ്ക്കെന്നാണ് പ്രതിയുടെ മൊഴി. എന്നാൽ കൊലപാതകത്തിൽ കുഞ്ഞിന്റെ അമ്മയുടെ പങ്ക് സംബന്ധിച്ച് ചോദ്യം ചെയ്യൽ തുടരുകയാണ്.
ഡിസംബർ ഒന്നിനാണ് ഒന്നരമാസം പ്രായമുള്ള കുഞ്ഞുമായി എരമല്ലൂർ സ്വദേശിയായ യുവതിയും കണ്ണൂർ സ്വദേശിയായ യുവാവും കറുകപ്പിള്ളിയിലെ ലോഡ്ജിൽ മുറിയെടുക്കുന്നത്. രണ്ടാം തീയതി രാവിലെ എട്ടരയോടെയാണ് അബോധാവസ്ഥയിലായ കുഞ്ഞുമായി ഇവർ ജനറൽ ആശുപത്രിയിൽ എത്തുന്നത്. തൊണ്ടയിൽ മുലപ്പാൽ കുടുങ്ങിയതായി സംശയിക്കുന്നതായാണ് ഇവർ ഡോക്ടറോട് ആദ്യം പറഞ്ഞത്. കുട്ടിയെ ന്യൂ ബോൺ ഐസിയുവിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
കുഞ്ഞിന്റെ ദേഹത്തെ മുറിവുകൾ ശ്രദ്ധയിൽപ്പെട്ട ഡോക്ടറാണ് പോലീസിൽ വിവരം അറിയിക്കുന്നത്. ഇതിനെത്തുടർന്നാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പോസ്റ്റ്മോർട്ടത്തിൽ കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുഞ്ഞ് കയ്യിൽ നിന്ന് വീണതാണെന്നാണ് ഇവർ ആദ്യം പൊലീസിന് നൽകിയ മൊഴി. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ താൻ കൊലപ്പെടുത്തിയതാണെന്ന് യുവാവ് സമ്മതിച്ചത്. കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചതെന്നാണ് പ്രാഥമിക വിവരം. കുട്ടിയുടെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് ഷാനിഫ് പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം. മരിച്ചെന്ന് ഉറപ്പു വരുത്താനായി ഷാനിഫ് കുഞ്ഞിന്റെ ദേഹത്ത് കടിച്ചെന്നും പൊലീസ് പറയുന്നു. പ്രണയത്തിലായിരുന്ന ഇരുവരും കഴിഞ്ഞ ഒന്നരവർഷമായി കൊച്ചിയിൽ പലയിടത്തായി ഒന്നിച്ച് താമസിച്ചുവരികയായിരുന്നു. ഇവർ താമസിച്ചിരുന്ന കറുകപള്ളിയിലെ ലോഡ്ജ് മുറി പൊലീസ് സീൽ ചെയ്തു.