പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യ നില സർക്കാർ നിയോഗിച്ച വിദഗ്ധ സംഘം വിലയിരുത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് വിദഗ്ദ്ധ സംഘം ആരോഗ്യസ്ഥിതി വിലയിരുത്തിയത്. മഅദനി ഇപ്പോഴും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ അദ്ദേഹത്തിന് സ്വദേശമായ അൻവാർശ്ശേരിയിലേക്ക് പോകാൻ സാധിച്ചിട്ടില്ല.
മഅദനിക്ക് ഉയർന്ന രക്തസമ്മർദം ഉണ്ട്, ക്രിയാറ്റിന്റെ അളവ് കൂടുതലാണ്, ഡയാലിസിസ് നടത്തേണ്ട സാഹചര്യമുണ്ടെന്നും വിദഗ്ദ്ധ സംഘം കണ്ടെത്തി. ഇക്കാര്യം സർക്കാരിന് റിപ്പോർട്ടായി നൽകുമെന്നും കളമശേരി മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ ഗണേഷ് മോഹന്റെ നേതൃത്വത്തിലുളള സംഘം വ്യക്തമാക്കി.
ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ കൊച്ചിയിൽ വെച്ചാണ് മഅദനിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉയർന്ന രക്ത സമ്മർദ്ദവും, രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് ആരോഗ്യ സ്ഥിതി മോശമാക്കിയത്. ആലുവയിൽ നിന്ന് യാത്ര പുറപ്പെട്ട ശേഷം തുടർച്ചയായി ഛർദ്ദിച്ച അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.