നിരവധി മരത്തണുകൾ സംഘടിപ്പിക്കപ്പെടാറുണ്ടെങ്കിലും തണുത്തുറഞ്ഞ തടാകത്തിലൂടെയുള്ള മാരത്തണിന് കാണികൾ ഏറെയാണ്. തണുപ്പിനെ അതിജീവിച്ച് മത്സര ബുദ്ധിയോടെയുള്ള മുന്നേറ്റം കാണേണ്ടത് തന്നെയാണ്. ലോകത്തിലെ ഏറ്റവും ഉയർന്ന തണുത്തുറഞ്ഞ തടാകത്തിലെ മാരത്തണിന്റെ രണ്ടാം പതിപ്പിനാണ് ലഡാക്കിൽ തുടക്കമായിരിക്കുന്നത്.
പാങ്ങോങ് ഫ്രോസൺ ലേക്ക് മാരത്തൺ എന്നറിയപ്പെടുന്ന മാരത്തൺ തണുത്തുറഞ്ഞ പാങ്ങോങ് തടാകത്തിലാണ് സംഘടിപ്പിക്കപ്പെടുന്നത്. 14,273 അടി ഉയരത്തിൽ കനത്ത മുഞ്ഞുവീഴ്‌ചയ്ക്കിടെ താപനില -15 ഡിഗ്രി സെൽഷ്യസിൽ ഉള്ളപ്പോഴാണ് മാരത്തൺ നടത്തപ്പെടുക. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും പ്രയാസമേറിയ മാരത്തണായിട്ടാണ് ഇത് പഗണിക്കപ്പെടുന്നത്. ലഡാക്ക് യൂണിയൻ ടെറിട്ടറി അഡ്‌മിനിസ്ട്രേഷന്റെയും ഇന്ത്യൻ ആർമിയുടെയും പിന്തുണയോടെ ലഡാക്കിലെ അഡ്വഞ്ചർ സ്പോർട്സ് ഫൗണ്ടേഷനാണ് മാരത്തൺ സംഘടിപ്പിക്കുന്നത്.
21, 10 കിലോമീറ്റർ വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ ഏഴ് രാജ്യങ്ങളിൽ നിന്നുള്ള 120 പേരാണ് പങ്കെടുക്കുന്നത്. ശൈത്യകാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനും ഹിമാലയൻ മഞ്ഞുപാളികൾ വേഗത്തിൽ ഉരുകുന്നതിനെക്കുറിച്ച് അവബോധം നൽകുന്നതിന്റെയും ഭാഗമാണ് ഈ പരിപാടി.