കൊല്ലത്ത് ആറ് വയസുകാരിയെ കാണാതായ സംഭവത്തിൽ തിരുവനന്തപുരം ശ്രീകണ്ഠേശ്വരത്തും പൊലീസ് പരിശോധന. ശ്രീകണ്ഠേശ്വരത്തെ കാർ വാഷിംഗ് സെൻററിലാണ് പൊലീസ് പരിശോധന നടത്തിയത്. സംശയത്തിന്റെ അടിസ്ഥാനത്തിൽ 3 പേർ കസ്റ്റഡിയിലെടുത്തെന്നും സൂചനയുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറുമായി ബന്ധപ്പെട്ട സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി. കാർ വാഷിംഗ് സെൻററിൽ നിന്ന് നോട്ട് കെട്ടുകൾ പിടിച്ചെടുത്തെന്ന് സ്ഥലത്തെ കൗൺസിലർ മാധ്യമങ്ങളോട് പ്രതികരിച്ചു. 500 രൂപയുടെ 19 കെട്ടുകളാണ് പൊലീസ് കണ്ടെടുത്തത്.
ഇന്നലെ വൈകീട്ട് നാലേകാലിനും നാലരയ്ക്കും മധ്യേയാണ് ഓയൂർ ഓട്ടുമല ഗ്രാമത്തെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ സംഭവം. ആശുപത്രി ജീവനക്കാരായ റെജി ജോണിന്റെയും സിജി തങ്കച്ചന്റെയും ഇളയമകൾ അബിഗേൽ സാറെ റെജിയെയാണ് കാറിൽ തട്ടിക്കൊണ്ടുപോയത്. റെജിയും സിജിയും ജോലി സ്ഥലത്തായിരുന്നു. റെജിയുടെ അച്ഛനും അമ്മയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുട്ടിയെ വിട്ടുതരാൻ മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ സംഘം രണ്ടുതവണയാണ് ഫോൺ ചെയ്തത്.
അതിനിടെ, മുമ്പും അബിഗേലിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി മുത്തശ്ശി പറഞ്ഞു. 24-ാം തീയതിയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ‘എന്റെയടുത്തും പറഞ്ഞ് കുട്ടിയുടെ അമ്മയുടെ അടുത്തും പറഞ്ഞു. പോസ്റ്റിന്റെ അവിടെ ഒരു വെള്ള കാർ കിടക്കുന്നു എന്നാണ് കുട്ടികൾ പറഞ്ഞത്. ഞങ്ങൾ പോകുമ്പോൾ നോക്കുന്നുണ്ട്. കാറിൽ ഒന്നുരണ്ടുപേർ ഇരിക്കുന്നതായും പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു ഇവിടെ എല്ലാ വീടുകളിലും വെള്ള കാർ ഉണ്ട്. പ്രദേശത്ത് അങ്ങനെ ഭയപ്പെടേണ്ട സംഭവങ്ങൾ ഒന്നുമില്ല. ഇവിടെ ചുറ്റിലും ആളുകൾ ഉണ്ട് എന്നൊക്കെ പറഞ്ഞ് അവർക്ക് ധൈര്യം നൽകുകയാണ് ചെയ്തത്’- മുത്തശി മാധ്യമങ്ങളോട് പറഞ്ഞു.അതിനിടെ, ഓയൂരിൽ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടു. പാരിപ്പള്ളിയിലെ കടയുടമയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് രേഖാചിത്രം തയാറാക്കിയത്.