പൂച്ച കടിച്ച് കുത്തിവപ്പെടുക്കാനെത്തിയ യുവതിയെ ആശുപത്രിയിൽ വച്ച് തെരുവുനായ കടിച്ചതായി പരാതി. തിരുവനന്തപുരം വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് ഉള്ളിലാണ് സംഭവം. റിട്ടയേർഡ് പൊലീസ് ഉദ്യോഗസ്ഥൻ വാസവൻ്റെ മകൾ അപർണയെയാണ് നായ കടിച്ചത്. കടിയേറ്റ അപർണയ്ക്ക് പ്രാഥമിക ശുശ്രൂഷ പോലും നൽകാതെ ആശുപത്രി ജീവനക്കാർ അകത്തുകയറി വാതിലടച്ചതായും പരാതിയുണ്ട്.
പൂച്ച കടിച്ചതിന് രണ്ടാമത്തെ കുത്തിവയ്പ് എടുക്കാനായാണ് ആശുപത്രിയിൽ എത്തിയത്. അപർണയോട് അവിടെയുണ്ടായിരുന്ന ഒരു ബെഞ്ചിൽ ഇരിക്കാൻ ജീവനക്കാർ ആവശ്യപ്പെടുകയും ഈ സമയത്ത് അവിടെ കിടക്കുകയായിരുന്ന പട്ടി ചാടി കാലിൽ കടിക്കുകയായിരുന്നു. ഇത് കണ്ട ആശുപത്രി ജീവനക്കാർ അകത്തേക്ക് ഓടിക്കയറി വാതിലടച്ചു. രക്തം തുടയ്ക്കുന്നതിനായി ചുരിദാർ മുറിയ്ക്കാൻ കത്രിക ചോദിച്ചിട്ടുപോലും അവർ തന്നില്ലെന്നും അവിടെ നിന്ന ഒരു സ്ത്രീയാണ് സോപ്പ് കൊണ്ട് മുറിവ് കഴുകി വൃത്തിയാക്കിയതെന്നും അച്ഛൻ വാസവൻ പറയുന്നു.
വിഴിഞ്ഞം ചപ്പാത്ത് സ്വദേശിയായ അപർണയുടെ കാലിൽ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. സ്ഥിരമായി ആശുപത്രിയുടെ ഉള്ളിലാണ് നായ കിടക്കുന്നതെന്നും ഇത് ആരെയും ഉപദ്രവിക്കുന്ന നായ അല്ലെന്നും ആശുപത്രി ജീവനക്കാർ പ്രതികരിച്ചിരുന്നു. നിലവിൽ ചികിത്സയ്ക്കായി അപർണ തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ്.