കൊല്ലം ഓയൂരിൽ ഏഴ് വയസ്സുകാരിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കു വിളിച്ചാണ് അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇന്ന് വൈകുന്നേരമായിരുന്നു കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
ഓയൂർ സ്വദേശി റെജിയുടെ മകൾ അഭികേൽ സാറയെ ആണ് ഓയൂർ മരുതമൺപള്ളിക്കു സമീപം നടന്നു വരുമ്പോൾ സംഘം തട്ടിക്കൊണ്ടുപോയത്. വൈകുന്നേരം നാല് മണിയ്ക്ക് സഹോദരനോടൊപ്പം ട്യൂഷൻ ക്ലാസിലേക്കു പോകവേ കാറിലെത്തിയ സംഘം കുട്ടിയെ ബലം പ്രയോഗിച്ച് കാറിൽകയറ്റുകയായിരുന്നു.
അതേസമയം തന്നെയും തട്ടിക്കൊണ്ടുപോവാൻ ശ്രമിച്ചുവെന്ന് എട്ട് വയസ്സുകാരനായ സഹോദരൻ പറഞ്ഞു. റോഡിൽ വലിച്ചിഴച്ചതായും സഹോദരൻ കുടുംബത്തെ അറിയിച്ചു. ഇതിനെ തുടർന്നാണ് കുടുംബം സംഭവത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത്. വെള്ള നിറത്തിലുള്ള ഹോണ്ടാ കാറിലാണ് സംഘമെത്തിയത്. കാറിൽ നാലുപേർ ഉണ്ടായിരുന്നു.