ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ വയോധിക മരിച്ചു. ഇടുക്കി ഏലപ്പാറ ഏറമ്പടത്താണ് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നും സ്ത്രീ തെറിച്ചുവീണത്. ഉപ്പുതറ ചീന്തലാർ സ്വദേശി സ്വർണ്ണമ്മ(80)യാണ് മരിച്ചത്. രാവിലെ എട്ടരയോടെ കുട്ടിക്കാനം-കട്ടപ്പന റൂട്ടിലാണ് അപകടം.
ഉടൻതന്നെ സ്വർണമ്മയെ പീരുമേട് താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറാംമൈലിൽ താമസിക്കുന്ന മകളുടെ വീട്ടിലേക്ക് പോകവെയാണ് അപകടമെന്നാണ് കരുതുന്നത്. ബസിൽ കയറി ഉടനെ ഡോറിന് സമീപമുള്ള തൂണിൽ പിടിച്ചുനിൽക്കുകയായിരുന്ന സ്വർണ്ണമ്മ.
ബസ് വളവ് തിരിയുന്നതിനിടെ സ്വർണമ്മ പിടിവിട്ട് ഡോറിലേക്ക് വീണെന്നും തുടര്‍ന്ന് ഡോര്‍ തുറന്ന് റോഡിലേക്ക് തെറിച്ചുവീണെന്നുമാണ് റിപ്പോർട്ടുകൾ. പ്രാഥമിക അന്വേഷണത്തിൽ ബസിൻ്റെ ഡോറിന്റെ ലോക്കിന് ചില പ്രശ്നങ്ങളുണ്ടെന്ന് കണ്ടെത്തി. സ്വർണ്ണമ്മ ബസിൽ കയറി 100 മീറ്റര്‍ ദൂരം മാത്രം പിന്നിടുമ്പോഴാണ് അപകടം.