കോഴിക്കോട് കെഎസ്ആർടിസി ടെർമിനലിനുള്ളിൽ തൂണുകൾക്കിടയിൽ സ്വിഫ്റ്റ് ബസ് കുടുങ്ങി. ഒരു തൂണിന് ചുറ്റുമുള്ള ഇരുമ്പ് വളയം നീക്കം ചെയ്താണ് ബസ് പുറത്തേക്കിറക്കിയത്. അഞ്ച് മണിക്കൂറുകൾ കുടുങ്ങി കിടന്നശേഷമാണ് ബസ് പുറത്തേക്ക് എടുക്കാനായത്.
കോഴിക്കോട് ബസ് സ്റ്റാന്റ് നിർമാണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് കെ സ്വിഫ്റ്റ് സംബന്ധിച്ച പുതിയ വിവാദം ഉടലെടുക്കുന്നത്. സാധാരണ ബസുകൾ പോലും ബുദ്ധിമുട്ടിയാണ് തൂണുകൾക്കിടയിൽ പാർക്ക് ചെയ്യാറുള്ളത്. അതേ സാഹചര്യത്തിൽ പാർക്ക് ചെയ്യാൻ ശ്രമിച്ച കെ സ്വിഫ്റ്റ് ബസാണ് കുടുങ്ങിയത്. ബസുകൾ പാർക്ക് ചെയ്യാനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് മുൻപും പരാതികൾ വന്നിട്ടുണ്ട്.
ബസിന്റെ ചില്ലുകൾ തകരുകയോ കോട്ടം വരുകയോ ചെയ്യാതെ ബസ് പുറത്തെടുക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ശ്രമം വിജയം കണ്ടത്. കുടുങ്ങിയ ബസിന് പകരം മറ്റൊരു ബസ് സർവീസും നടത്തി.