കേരളമെന്ന നാട്ടിലുണ്ടായിട്ടുള്ള നവോത്ഥാനം അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ആയിരുന്നിട്ടും 21ാം നൂറ്റാണ്ടിലും നരബലി നൽകിയാൽ ഐശ്വര്യം വരുമെന്ന് വിശ്വസിക്കുന്ന ആളുകൾ ഇവിടെയുണ്ടെന്നതാണ് യാഥാർത്ഥ്യം.മന്ത്രവാദ ചികിത്സകൾ, വ്യാജ സിദ്ധൻന്മാർ ഇവരൊന്നും പതിവ് കാഴ്ചയല്ലെങ്കിലും അത്ര വിരളവുമല്ല.എന്നിരുന്നാലും ,പത്തനംതിട്ടയിലെ ഇലന്തൂരിൽ നടന്ന പൈശാചികമായ ഇരട്ട നരബലി ഞെട്ടിക്കുന്നതാണ്.’ഐശ്വര്യലബ്ധിക്കും ധനാഭിവൃദ്ധിക്കും വിളിക്കുക’ എന്നൊരു ഫേസ്ബുക്ക് പരസ്യമാണ് ഇതിന് പിന്നിലെന്നത് ഓർക്കണം. സമാനമായ എത്രയോ പരസ്യങ്ങൾ ദിവസവും പത്രത്തിലടക്കം കാണുന്നവരാണ് മലയാളികൾ. പല മുഖ്യധാരാ മാധ്യമങ്ങൾ പോലും അത്തരം പരസ്യങ്ങൾ നൽകുന്നത് കാണാറുണ്ട്. അന്ധവിശ്വാസ നിരോധന നിയമം പാസാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഏറ്റവും ഒടുവിൽ നടന്നിരിക്കുന്നത്.
നരബലിയും മൃഗബലിയുമെല്ലാം നിരോധിച്ച നാടാണെങ്കിലും കേരളത്തിലെ ആദ്യത്തെ ദുർമന്ത്രവാദത്തിൻ്റെ പേരിൽ നടക്കുന്ന ആദ്യത്തെ നരബലി അല്ല ഇന്നലത്തേത്. കഴിഞ്ഞ നാലു പതിറ്റാണ്ടിനിടെ കൊലപാതകങ്ങളും ആത്മഹത്യകളും നിരവധി നടന്നിട്ടുണ്ട് കേരളത്തിൽ.
1981 ഡിസംബർ-പനംകുട്ടി നരബലി
ഇടുക്കി പനംകുട്ടിയിൽ ദുരൂഹമായൊരു നരബലി നടന്നു. ഭർത്താവും ബന്ധുക്കളും ചേർന്നു സോഫിയ എന്ന സ്ത്രീയെ കൊന്നു കുഴിച്ചുമൂടി. തമിഴ്നാട് സ്വദേശിയായ മന്ത്രിവാദിയുടെ നിർദേശം അനുസരിച്ചാണെന്ന് പൊലീസ് കണ്ടെത്തി. അടുക്കള തറ പൊളിച്ച് കുഴിച്ചിട്ട് മുകളിൽ ചാണകം മെഴുകുകയായിരുന്നു.
1983 ജൂലൈ-മുണ്ടിയെരുമ നരബലി
നിധി സ്വന്തമാക്കാൻ ഒൻപതാം ക്ളാസുകാരനെ പിതാവും സഹോദരിയും അയൽവാസികളും ചേർന്ന് ബലി നൽകി. മുണ്ടിയെരുമയിലാണ് സംഭവം. കണ്ണും മൂക്കും കുത്തിക്കീറിയ നിലയിൽ ആയിരുന്നു മൃതദേഹം കണ്ടെടുത്തത്.
1995 ജൂൺ-രാമക്കൽമേട് നരബലി
പിതാവും രണ്ടാനമ്മയും ചേർന്ന് സ്കൂൾ വിദ്യാർത്ഥിയെ മന്ത്രവാദികൾക്ക് നൽകിയെന്നായിരുന്നു കേസ്. തമിഴ്നാട്ടിലെ ഉമ്മമപാളയത്ത് നിന്ന് വന്ന ആറു മന്ത്രവാദികളെ പൊലീസ് പിടികൂടി. കുട്ടിയ്ക്ക് ജീവനുണ്ടെങ്കിലും ശരീരമാസകലം ചൂരലുകൊണ്ടും കല്ലുകൊണ്ടും മർദനമേറ്റിരുന്നു.
2012 ഒക്ടോബർ-പൂവാർ കൊലപാതകം
തിരുവനന്തപുരം പൂവാറിന് സമീപം രണ്ടു പേർ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അന്വേഷണത്തിൽ മന്ത്രവാദം ചോദ്യം ചെയ്തതിന് ആണ് കൊന്നതെന്ന് തെളിഞ്ഞു. ക്രിസ്തുദാസ്, ആൻറണി എന്നിവരെയാണ് കൊലപ്പെടുത്തിയത്. ക്രിസ്തുദാസിൻറെ ബന്ധുവായ സ്ത്രീയുടെ ആത്മഹത്യ ദുർമന്ത്രവാദത്തിൽ സഹികെട്ടാണെന്ന് കണ്ടെത്തിയപ്പോൾ ചോദ്യം ചെയ്യാൻ എത്തിയതാണ് ഇരുവരും. മന്ത്രവാദം നടത്തിയിരുന്ന മേരി എന്ന സ്ത്രീ ഉൾപ്പടെയുള്ള പ്രതികൾക്ക് ജീവപര്യന്തം തടവ് ലഭിച്ചു.
2014 ജൂലൈ-കരുനാഗപ്പള്ളി കൊലപാതകം
കരുനാഗപ്പള്ളിയിൽ തഴവ സ്വദേശി ഹസീന എന്ന സ്ത്രീ കൊല്ലപ്പെട്ടത് മന്ത്രവാദത്തിനിടെ ചവിട്ടേറ്റാണ് എന്നായിരുന്നു കണ്ടെത്തൽ. മന്ത്രവാദി സിറാജുദ്ദീനെ അറസ്റ്റ് ചെയ്തു.
2014 ഓഗസ്റ്റ് -പൊന്നാനി കൊലപാതകം
പൊന്നാനിയിൽ കാഞ്ഞിരമുക്ക് സ്വദേശി നിസാറിൻ്റെ ഭാര്യ ഹർസാന മരിച്ചത് മന്ത്രവാദത്തിനിടെ എന്ന് പുറത്തുവന്നു. അഞ്ചുമാസം ഗർഭിണി ആയിരുന്നു മരിച്ച ഹർസാന.
2018 ഓഗസ്റ്റ് -വണ്ണപ്പുറം കൂട്ടക്കൊലപാതകം
തൊടുപുഴ വണ്ണപ്പുറം കമ്പകക്കാനത്ത് കാനാട്ടുവീട്ടിൽ കൃഷ്ണനേയും ഭാര്യ സൂശീലയേയും മക്കളേയും കൊന്നു കുഴിച്ചു മൂടിയതായി കണ്ടെത്തി. ദുർമന്ത്രവാദം നടത്തിയിരുന്ന കൃഷ്ണൻ്റെ കൊലയിൽ പിടിയിലായത് കൃഷ്ണന്റെ സഹായി ആയിരുന്ന അനീഷ്. കൃഷ്ണന് 300 മൂർത്തികളുടെ ശക്തി ഉണ്ടെന്നും അത് അപഹരിക്കണം എന്ന ഉദ്ദേശത്തോടെ അനീഷ് കൊല നടത്തിയെന്നുമാണ് പൊലീസ് കണ്ടെത്തിയത്.
2019 മാർച്ച്-കരുനാഗപ്പള്ളി മരണം
കൊല്ലം കരുനാഗപ്പള്ളിയിൽ തുഷാരയെന്ന യുവതിയുടെ മരണം. ഭർത്താവും ഭർതൃമാതാവും പീഡിപ്പിച്ചു കൊലപ്പെടുത്തി എന്നായിരുന്നു കേസ്. മന്ത്രവാദി പറഞ്ഞത് അനുസരിച്ച് പഞ്ചസാര വെള്ളവും കുതിർത്ത അരിയും മാത്രമാണ് തുഷാരയ്ക്ക് കഴിക്കാൻ നൽകിയിരുന്നത്. വിവാഹം കഴിക്കുമ്പോൾ പൂർണ ആരോഗ്യവതിയായിരുന്ന തുഷാരയ്ക്ക് മരിക്കുമ്പോൾ വെറും 20 കിലോ ആയിരുന്നു ശരീരഭാരം. ബാധ ഒഴിപ്പിക്കാൻ നടത്തിയ ദുർമന്ത്രവാദ ചികിൽസയുടെ ഭാഗമായി നൽകിയ പഞ്ചസാര വെള്ളമാണ് തുഷാരയുടെ ജീവൻ കവർന്നത്.
2021 ഫെബ്രുവരി -പുതുപ്പള്ളി കൊലപാതകം
പാലക്കാട് പുതുപ്പള്ളി തെരുവിൽ 6 വയസുള്ള മകനെ മാതാവ് കൊന്നു. അല്ലാഹുവിൻ്റെ പ്രീതിക്കായി ബലി കഴിച്ചു എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
മുൻ മദ്രസ അധ്യാപിക കൂടിയായിരുന്ന മാതാവ് ഷാഹിദ കഴുത്തറുത്താണ് മകനെ കൊലപ്പെടുത്തിയത്.