കോൺഗ്രസ് പാർട്ടിയെ വീണ്ടെടുക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്രയ്ക്ക് തുടക്കായപ്പോഴേക്കും ഗോവയിൽ കാര്യങ്ങളൊക്കെ തകിടം മറിഞ്ഞിട്ടുണ്ട്. ഗോവയിലെ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരാണ് പാര്‍ട്ടി വിട്ട് ഭരണകക്ഷിയായ ബിജെപിയിലേക്ക് പോകുന്നുവെന്ന് വ്യക്തമായിരിക്കുന്നത്. ഗോവ ബിജെപി അധ്യക്ഷന്‍ സദാനന്ദ് തനവഡെ ആണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഗോവയില്‍ കോണ്‍ഗ്രസ്സിന് ആകെയുള്ള 11 എംഎല്‍എമാരിൽ നിന്നാണ് ഈ കൊഴിഞ്ഞുപോക്ക്.
മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, മുന്‍ പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ തുടങ്ങിയ നേതൃനിര ഒന്നാകെ ബിജെപിയിലേക്ക് പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും ഇന്ന് വീണ്ടും മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
നിയമസഭ ചേരാത്ത സാഹചര്യത്തില്‍ സ്പീക്കറുമായുള്ള എംഎല്‍എമാരുടെ കൂടിക്കാഴ്ചയും അസാധാരണമാണെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വന്നിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. മുതിര്‍ന്ന നേതാക്കളായ ദിഗംബര്‍ കാമത്തും മൈക്കിള്‍ ലോബോയും ഉള്‍പ്പെടെ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെങ്കിലും ബിജെപിയില്‍ ചേരുമെന്ന് രണ്ട് മാസം മുമ്പ് മുതൽക്കേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം നേതാക്കളെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ് സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്.ആകെയുള്ള പതിനൊന്നിൽ എട്ട് പേരും ബിജെപിയിലേക്ക് പോയാൽ പിന്നെ ഗോവയിൽ അവശേഷിക്കുക മൂന്ന് കോൺഗ്രസ് എംഎൽഎമാർ മാത്രമാണ്. അങ്ങനെ വന്നാൽ കൂറുമാറ്റ നിരോധന നിയമം മറികടക്കാനും മറുകണ്ടം ചാടുന്ന എംഎൽഎമാർക്ക് എളുപ്പമാകും. 40 അംഗ നിയസഭയിൽ കോൺഗ്രസ് മൂന്ന് പേരിലേക്ക് ചുരുങ്ങുകയും ചെയ്യും.
ഭാര്യക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്കെത്തിയ വടക്കൻ ഗോവയിലെ കരുത്തനായ നേതാവാണ് പ്രതിപക്ഷ നേതാവ് മൈക്കിൾ ലോബോ. ഭാര്യക്ക് കോൺഗ്രസ് സീറ്റ് നൽകിയെന്ന് മാത്രമല്ല, ഫലം വന്ന ശേഷം ലോബോയെ പ്രതിപക്ഷ നേതാവുമാക്കി. കോൺഗ്രിൻ്റെ ഈ തീരുമാനം തെറ്റെന്ന് തെളിയിച്ചിരിക്കുകയാണ് രണ്ട് മാസം മുൻപ് അദ്ദേഹം തുടങ്ങി വച്ച വിമത നീക്കം. അന്ന് എട്ട് എംഎൽഎമാരെ ഒപ്പം നിർത്താൻ കഴിയാതെ ശ്രമം ഉപേക്ഷിച്ചു.തുടർന്ന് അദ്ദേഹത്തെയും മുൻ മുഖ്യമന്ത്രി കൂടിയായ ദിംഗംബർ കാമത്തിനെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് സ്പീക്കർക്ക് കത്ത് നൽകിയെങ്കിലും തീരുമാനം എടുക്കാതെ വൈകിക്കുകയായിരുന്നു.