കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ പ്രവർത്തനം നിലച്ച ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളം സാധാരണ നിലയിലായി. ഇന്ന് പകലോടെ വിമാന സർവിസുകൾ പുനരാരംഭിച്ചെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു. മഴയുടെ ശക്തി കുറഞ്ഞ പശ്ചാത്തലത്തിൽ റൺവേയിൽ നിന്ന് ഉൾപ്പെടെ വെള്ളമിറങ്ങി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയിൽ റൺവേ ഉൾപ്പെടെ വെള്ളത്തിൽ മുങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ 70ഓളം വിമാനങ്ങളാണ് റദ്ദാക്കിയിരുന്നത്.
അതേസമയം, മിഗ്ജോം ചുഴലിക്കാറ്റിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ ചെന്നൈ നഗരം കടുത്ത ദുരിതത്തിലായിരിക്കുകയാണ്. താഴ്ന്ന പല മേഖലകളും ഇപ്പോഴും വെള്ളത്തിനടിയിലാണുള്ളത്. ഈ സാഹചര്യത്തിൽ ചെന്നൈ ഉൾപ്പെടെ നാല് ജില്ലകൾക്ക് ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴക്ക് ശമനമുണ്ടായത് ആശ്വാസമാണ്.
മിഗ്ജോം ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കൂടാതെ ആന്ധ്രാപ്രദേശത്തെ തീരത്ത് നെല്ലൂരിനും മച്ചലിപട്ടണത്തിനും ഇടയിൽ ബാപട്ലയിലാണ് കാറ്റ് തീരത്തേക്ക് പ്രവേശിക്കുന്നത്. ആന്ധ്രയിലും പുതുച്ചേരിയിലും വടക്കൻ തമിഴ്നാട്ടിലും കനത്ത ജാഗ്രതയാണുള്ളത്.