ഇന്ത്യ ഇനി ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന് അറിയപ്പെടും. യു.എൻ ജനസംഖ്യ ഫണ്ട് (യു.എൻ.എഫ്.പി.എ) പുറത്തുവിട്ട ഏറ്റവുമൊടുവിലെ കണക്കുകളിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. ഇതുപ്രകാരം ചൈനയിൽ 142.57 കോടിയാണ് ജനസംഖ്യയെങ്കിൽ 142.86 കോടി തൊട്ട് ഇന്ത്യ മുന്നിലാണ്.
കഴിഞ്ഞ വർഷം ഏറ്റവും ഉയർന്ന ജനസംഖ്യയിലെത്തിയ ചൈനയിൽ തുടർന്ന് വർധനക്കു പകരം താഴോട്ടായിരുന്നു കണക്കുകൾ. 1980കൾ മുതൽ തന്നെ വർധന നിരക്ക് കുറഞ്ഞുവരുന്നതാണ് കഴിഞ്ഞ വർഷത്തിനു ശേഷം പൂർണമായും താഴോട്ടായതെന്ന് യു.എൻ.എഫ്.പി.എ മീഡിയ ആന്റ് ക്രൈസിസ് കമ്യൂണിക്കേഷൻസ് വിഭാഗം ഉപദേഷ്ടാവ് അന്ന ജഫ്രീസ് പറഞ്ഞു. 1950കളിൽ ലോക ജനസംഖ്യ കണക്കുകൾ യു.എൻ പുറത്തുവിടാൻ തുടങ്ങിയ ശേഷം ആദ്യമായാണ് ഇന്ത്യ ഒന്നാമതെത്തുന്നത്. ഇതുവരെയും രണ്ടാം സ്ഥാനത്തായിരുന്ന ഇന്ത്യ അതിവേഗം ചൈനയെ മറികടക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഇന്ത്യൻ ജനസംഖ്യയിൽ 25 ശതമാനവും 14 വയസ്സിൽ താഴെയുള്ളവരാണ്. 10-19 പ്രായക്കാർ 18 ശതമാനം, 10-24 പ്രായക്കാർ 26 ശതമാനം, 15-64 പ്രായത്തിനിടയിലുള്ളവർ 68 ശതമാനം, 65 വയസ്സിനു മുകളിൽ ഏഴു ശതമാനം എന്നിങ്ങനെയും കണക്കുകൾ പറയുന്നു. എന്നാൽ, ചൈനയിൽ 14 വയസ്സിൽ താളെയുള്ളവർ 17 ശതമാനം മാത്രമാണ്. മറ്റു കണക്കുകൾ പ്രകാരം 12%, 18%, 69%, 14%വും.