ദ കേരള സ്റ്റോറി പ്രദർശിപ്പിക്കുന്നതിനെ വിമർശിച്ച് കെ.എൻ.എം വൈസ് പ്രസിഡന്‍റും കോഴിക്കോട് പാളയം ചീഫ് ഇമാമുമായ ഡോ. ഹുസൈൻ മടവൂർ രംഗത്ത്. കേരളത്തില്‍ പ്രണയത്തിൻ്റെ പേരിൽ ജിഹാദില്ല. മത സൗഹാർദ്ദം തകർക്കുന്ന രീതിയിൽ തയ്യാറാക്കിയ കേരള സ്റ്റോറി സിനിമ ജനങ്ങൾ അംഗീകരിക്കില്ലെന്നും ഹുസൈൻ മടവൂർ പറഞ്ഞു. കേരളത്തിൽ എല്ലാവരും ഒന്നാണ്, അതാണ് കേരളത്തിന്റെ ചരിത്രവും പാരമ്പര്യവുമെന്നും ഹുസൈൻ മടവൂർ കോഴിക്കോട്ടെ ഈദ് ഗാഹിൽ പറഞ്ഞു.
കേരള സ്റ്റോറി പ്രദർശിപ്പിച്ചാൽ തകരുന്നതല്ല മതേതരത്വം. കേരള സ്റ്റോറി ജനങ്ങൾ അംഗീകരിക്കില്ല. മതേതര പാരമ്പര്യമാണ് കേരള ചരിത്രമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന നിലനിൽക്കണം. എല്ലാവരെയും ഉൾക്കൊള്ളുന്ന സാഹചര്യം നിലനിൽക്കണം. ജനാധിപത്യവും ഭരണഘടന മൂല്യങ്ങളും സംരക്ഷിയ്ക്കാൻ വോട്ടുചെയ്യണം. വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ഉദ്യോഗസ്ഥർക്ക് നിസ്കാരം ഒഴിവാക്കാൻ മത പ്രമാണമുണ്ടെന്നും ഹുസൈൻ മടവൂർ പറഞ്ഞു.
കേരള സ്റ്റോറി പ്രദർശിപ്പിച്ച സഭാ നിലപാടിനെ വിമർശിച്ച് പാളയം ഇമാം വി പി ശുഹൈബ് മൗലവിയും രംഗത്തെത്തി. കേരള സ്റ്റോറിയില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്ര ഗവൺമെന്റ് തന്നെ പാർലമെന്റിൽ വ്യക്തമാക്കിയതാണ്. കള്ളം പ്രചരിപ്പിക്കുന്ന ആളുകളുടെ കയ്യിലെ ഉപകരണം ആകരുത്. സമൂഹത്തെ ഭിന്നിപ്പിക്കുന്ന ഒന്നല്ല കലയെന്നും വി പി ശുഹൈബ് മൗലവി പറഞ്ഞു.