ഹോണ്ടുറാസിലെ വനിതാ ജയിലിലുണ്ടായ കലാപത്തിൽ 41 സ്ത്രീകൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. കലാപത്തെ തുടർന്ന് ജയിലിന് തീയട്ടതാണ് മരണസംഖ്യ ഉയരാൻ കാരണം. മിക്കവരും പൊള്ളലേറ്റാണ് മരിച്ചെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചിലർ വെടിയേറ്റ് മരിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ജയിലുകൾക്കുള്ളിൽ പലപ്പോഴും അധികാരം കൈയാളുന്ന “മാര” തെരുവ് സംഘങ്ങളാണ് അക്രമത്തിന് പിന്നിലെന്ന് പ്രസിഡൻ്റ് സിയോമാര കാസ്ട്രോ കുറ്റപ്പെടുത്തി. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോണ്ടുറാസ് തലസ്ഥാനമായ ടെഗുസിഗാൽപയിൽ നിന്ന് 50 കിലോമീറ്റർ വടക്ക് പടിഞ്ഞാറുള്ള താമരയിലെ ജയിലിലാണ് സംഭവം.
നിരവധി പിസ്റ്റളുകളും വെട്ടുകത്തികളും മറ്റ് ആയുധങ്ങളും കണ്ടെത്തിയതായി സർക്കാർ പുറത്തുവിട്ട വീഡിയോ ക്ലിപ്പുകളിൽ സൂചിപ്പിക്കുന്നു. അക്രമത്തിന് സുരക്ഷാ അധികാരികളുടെ അറിവുണ്ടായിരുന്നതായും സൂചനകളുണ്ട്.കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് കാസ്ട്രോ പറഞ്ഞു.
സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെ നടപടി സ്വീകരിച്ചതിൻ്റെ പ്രതികാരമായാണ് ജയിലിൽ കലാപമുണ്ടാക്കിയതിന് പിന്നിലെന്ന് ജയിൽ മേധാവി ജൂലിസ വില്ലാനുവേ വ്യക്തമാക്കി. ബാരിയോ 18 സംഘത്തെ ഭയന്നാണ് തങ്ങൾ ജീവിക്കുന്നതെന്ന് ജയിലിലെ തടവുകാർ പറഞ്ഞതായി ബന്ധുക്കളും സ്ഥിരീകരിച്ചു.
രാജ്യത്തെ ജയിലുകൾക്കുള്ളിൽ ഗുണ്ടാസംഘങ്ങൾ നിയന്ത്രണം നടത്തുന്നത് ഹോട്ടുറാസിലെ സ്ഥിരം പ്രശ്നമാണ്. സമാന അക്രമങ്ങൾ ഇതിനും മുമ്പും ഉണ്ടായിട്ടുണ്ട്. തടവുകാർ ജയിലിനുള്ളിൽ സ്വന്തം നിയമങ്ങൾ സ്ഥാപിക്കുകയും നിരോധിത വസ്തുക്കൾ വിൽക്കുകയും തോക്കുകളും മറ്റ് ആയുധങ്ങളും കടത്തുകയും ചെയ്യുന്നത് പതിവാണ്.