ഹാരി പോട്ടർ തീമിൽ വാർണർ ബ്രോസ് വേൾഡ് അബുദാബിയിൽ പ്രത്യേക തീം പാർക്ക് ഒരുങ്ങുന്നു. ദ് വിസാർഡിങ് വേൾഡ് ഓഫ് ഹാരി പോട്ടർ എന്നു പേരിട്ടിരിക്കുന്ന പാർക്ക് ഹാരി പോട്ടർ പുസ്തക പരമ്പരയിലെയും സിനിമകളിലെയും പ്രത്യേക സീനുകളിലേക്കും സ്ഥലങ്ങളിലേക്കും ആരാധകരെ കൂട്ടിക്കൊണ്ടുപോകും. മധ്യപൂർവദേശത്ത് ആദ്യമായാണ് ഹാരി പോട്ടർ പ്രമേയമാക്കി ഒരു പാർക്ക് വരുന്നത്.
വാർണർ ബ്രോസ് വേൾഡിലെ ആറാമത്തെ തീം പാർക്കാകും ഹാരി പോട്ടർ. നിലവിൽ ഗോതം സിറ്റി, കാർട്ടൂൺ ജംങ്ഷൻ, മെട്രോപോളിസ്, ബെഡ്റോക്, ഡൈനാമൈറ്റ് ഗൾച്ച് എന്നീ പാർക്കുകളാണുള്ളത്. മാന്ത്രിക പരമ്പരയിലെയും ബ്ലോക്ക് ബസ്റ്റർ സിനിമയിലെയും അവിസ്മരണീയ മുഹൂർത്തങ്ങൾ പുനരാവിഷ്കരിച്ച വിസാർഡിങ് വേൾഡിൽ എല്ലാ പ്രായത്തിലുമുള്ളവർക്ക് പ്രവേശനമുണ്ട്. പാർക്കിൻ്റെ കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു.
ജെ കെ റൗളിംഗിൻ്റെ ഹാരി പോട്ടർ ആൻഡ് ദ് ഫിലോസഫേഴ്സ് പുറത്തിറങ്ങി കാൽ നൂറ്റാണ്ട് പിന്നിടുമ്പോഴാണ് ഈ പ്രമേയത്തിൽ അബുദാബിയിൽ ഒരു പാർക്ക് ഒരുങ്ങുന്നത്. ആഗോള തലത്തിൽ 60 കോടിയിലേറെ കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകം 80ലേറെ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.