കൊഞ്ച് കറി കഴിച്ച് അലർജി മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ മെഡിക്കൽ റിപ്പോർട്ട് പുറത്ത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നത്. കൊഞ്ച്കറി കഴിച്ചതിനെ തുടർന്ന് നികിതയ്ക്ക് അലർജിയുണ്ടാകുകയായിരുന്നു. ശ്വാസതടസ്സമുണ്ടായതോടെയാണു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം ഹൃദയാഘാതം ഉണ്ടായതോടെയാണു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയതെന്ന് ഡോക്ടർമാർ പറഞ്ഞു. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത്ത് വീട്ടിൽ ഗോപാലകൃഷ്ണൻ – നിഷ ദമ്പതികളുടെ മകൾ നികിത (20) ഞായറാഴ്ച രാത്രിയാണു മരിച്ചത്.
കഴിഞ്ഞ ആറാം തീയതി കൊഞ്ച് കറി കഴിച്ചതിന് പിന്നാലെ യുവതിയുടെ ശരീരം ചൊറിഞ്ഞു തടിക്കുകയായിരുന്നു, തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് നികിതയെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചത്. പിറ്റേന്നു ശ്വാസതടസ്സം ഉണ്ടായതിനാൽ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്നോടെ മരിക്കുകയായിരുന്നു. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയിൽ ഒപ്റ്റോമെട്രിസ്റ്റ് ആയിരുന്നു നികിത. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നാലേ കൂടുതൽ വ്യക്തത വരുകയുള്ളൂ.